medical-negligiance

TOPICS COVERED

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പല്ലുവേദനയ്ക്ക് ചികിൽസ തേടിയ യുവാവിന് കുത്തിവയ്പ്പിനെ  തുടർന്ന് കടുത്ത ശാരീരിക പ്രശ്‌നങ്ങളെന്ന് പരാതി. ചികിൽസാ പിഴവെന്നാണ് കുടുംബത്തിന്റെ ആരോപണം. ആശുപത്രി സൂപ്രണ്ടിന് ബന്ധുക്കൾ പരാതി നൽകി.

പല്ലുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് കഞ്ഞിപ്പാടം ലക്ഷംവീട് കോളനി നിവാസി തരുൺ തങ്കച്ചൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ  ചികിത്സ തേടിയത്. ആശുപത്രിയിൽ കഴിയുന്ന പിതാവിന് കൂട്ടിരിക്കാൻ വന്നതായിരുന്നു തരുൺ. പല്ലുവേദന കൂടിയപ്പോഴാണ് ഡോക്‌ടറെ കണ്ടത്. 

വേദനയുള്ള ഭാഗം മരവിപ്പിച്ചാൽ മാത്രമേ പരിശോധിക്കാൻ സാധിക്കൂ എന്ന് പറഞ്ഞ് ഡ്യൂട്ടി ഡോക്ടർ, തരുണിന് പല്ലുവേദന ഉള്ള ഭാഗത്ത് ഇൻജക്ഷൻ നൽകി. ഇതിന് പിന്നാലെ തരുണിന്  തലകറക്കവും കടുത്ത ശരീരവേദനയുമുണ്ടായി. തുടർന്ന് ഒ.പിയിലെ ഡോക്ടറെ വീണ്ടും കാണിച്ചപ്പോൾ, വേദന മാറാനായി 'ലോക്കൽ അനസ്തേഷ്യ നൽകണമെന്ന് നിർദേശിച്ചതായി കുടുംബം പറയുന്നു.  വേദനസംഹാരികൾ നൽകി മടക്കി അയക്കാൻ ശ്രമിച്ചെങ്കിലും അവസ്ഥ ഗുരുതരമായതിനെ തുടർന്ന് വൈകുന്നേരം വീണ്ടും അത്യാഹിത വിഭാഗത്തിൽ എത്തി.

ഏഴാം വാർഡിൽ ചികിൽസയിലാണ് തരുൺ. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പറ്റുന്നില്ല. ചികിത്സാ പിഴവ് അല്ലെന്നാണ്  ആശുപത്രിയുടെ വിശദീകരണം. ചികിത്സാ പിഴവ് വരുത്തിയ  ഡോക്ടർമാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട്  മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് തരുണിന്റെ മാതാവ് രജനി  പരാതി നൽകി.

ENGLISH SUMMARY:

Alappuzha medical college hospital is facing allegations of medical negligence after a young man seeking treatment for toothache reportedly suffered severe physical problems following an injection. His family alleges a treatment error and has filed a complaint with the hospital superintendent.