നിപ ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗിക്കായി മരുന്ന് എത്തിക്കുന്നു. ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം രാത്രി പതിനൊന്ന് മണിയോടെ എത്തിക്കുന്ന മരുന്ന് നാളെ രോഗിക്കു നല്‍കും. സമ്പര്‍ക്ക പട്ടികയിലുള്ള നാലുപേരെ കൂടി  മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അതിനിടെ നിപ പ്രതിരോധത്തില്‍ സര്‍ക്കാര്‍ വീഴ്ച ആരോപിച്ചു സിപിഎം സമരം ആരംഭിച്ചു.

വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന 43കാരനു നല്‍കാനാണ് രണ്ടുതരം മരുന്ന് ഡല്‍ഹിയില്‍ നിന്നെത്തിക്കുന്നത്. 11 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിക്കുന്ന മരുന്നു രാത്രി തന്നെ മെഡിക്കല്‍ കോളേജിലെത്തിക്കും. വൈറസിനെ പ്രതിരോധിക്കാനുള്ള രണ്ടുതരം മരുന്നുകളാണ് നല്‍കുക. ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.പി അനില്‍കുമാറിന്റെ സാന്നിധ്യത്തില്‍ അവലോകന യോഗം ചേര്‍ന്നാണ് മരുന്നെത്തിക്കാന്‍ തീരുമാനിച്ചത്. 

അതിനിടെ രോഗിയുടെ ബന്ധുകളായ മൂന്നുപേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗവ്യാപനമുണ്ടായിട്ടില്ലെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. സമ്പര്‍ക്കപട്ടികയിലുള്ള നാലുപേരേ കൂടി നിരീക്ഷണത്തിനായി മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും.

പുതിയതായി 13 പേരെ കൂടി ഉള്‍പെടുത്തിയതോടെ സമ്പര്‍ക്ക പട്ടിക നൂറായി. കോഴിക്കോട്ടെത്തിയ ഐ.സി.എം.ആര്‍ പ്രതിനിധികള്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. 

ENGLISH SUMMARY:

Nipah virus Kerala is seeing urgent medical supplies arrive to treat a critical patient. The medicine, flown in from Delhi, is expected to be administered tomorrow.