ashok

വൈസ് ചാൻസലർമാരെയും രജിസ്ട്രാർമാരെയും ഉൾപ്പെടുത്തി ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് വാട്സ്‌ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിനെതിരെ കടുത്ത പ്രതിഷേധം. സ്വയംഭരണാധികാരമുള്ള (Autonomous) സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സർക്കാർ നേരിട്ട് ഇടപെടേണ്ടതില്ലെന്നും വാട്സ്‌ആപ്പ് ഗ്രൂപ്പ് വഴി നിർദ്ദേശങ്ങൾ നൽകുന്ന രീതി ആവശ്യമില്ലെന്നും വി.സിമാർ നിലപാടെടുത്തു. എന്നാൽ, ആശയവിനിമയം സുഗമമാക്കാൻ മാത്രമാണ് ഗ്രൂപ്പ് രൂപീകരിച്ചതെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങളുടെ വിശദീകരണം.

ബി. അശോക് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെയാണ് വാട്സ്‌ആപ്പ് ഗ്രൂപ്പ് രൂപീകരണം നടക്കുന്നത്. വൈസ് ചാൻസലർമാരും രജിസ്ട്രാർമാരും ഒരുമിച്ചുള്ള ഗ്രൂപ്പിൽ സർക്കാർ പ്രതിനിധികൾ നേരിട്ട് നിർദ്ദേശങ്ങളോ സന്ദേശങ്ങളോ പങ്കുവെച്ചാൽ, അത് പദവികളുടെ മുൻഗണനാക്രമത്തെ ബാധിക്കുമെന്നും വലിയ ഭരണപരമായ ആശയക്കുഴപ്പങ്ങൾക്ക് വഴിതുറക്കുമെന്നും വി.സിമാർ ചൂണ്ടിക്കാണിക്കുന്നു.

സാധാരണഗതിയിൽ സർക്കാരോ സെക്രട്ടറിമാരോ സർവകലാശാലകളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇത്തരത്തിൽ നേരിട്ട് ഇടപെടാറില്ല. വൈസ് ചാൻസലർമാർ ചാൻസലർ കൂടിയായ ഗവർണറോട് റിപ്പോർട്ട് ചെയ്യേണ്ടവരാണെന്നിരിക്കെ, സെക്രട്ടറിയുടെ ഈ നീക്കത്തിൽ കടുത്ത അനൗചിത്യമുണ്ടെന്നാണ് അവരുടെ വാദം.

വിഷയം വിവാദമായതോടെ സേവ് യൂണിവേഴ്സിറ്റി സമിതിയും ബി. അശോകിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പുതിയ മന്ത്രിസഭയിലെ വളരെ ചെറുപ്പക്കാരനായ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുത്. ഇത്തരത്തിലുള്ള വാട്സ്‌ആപ്പ് കൂട്ടായ്മകൾ സർവകലാശാലകളുടെ സ്വതന്ത്രമായ പ്രവർത്തനത്തിന്മേലുള്ള കടന്നുകയറ്റമാണ്. ബി. അശോകിന്റെ നിയമനത്തെ തുടക്കം മുതൽ പ്രതിപക്ഷം വിമർശിച്ചിരുന്നു. 

നിലവിൽ സംസ്ഥാനത്തെ ചില സർവകലാശാലകളിലെ വി.സിമാർ ബി.ജെ.പി അനുകൂല നിലപാടുകൾ സ്വീകരിക്കുന്നു എന്ന പരാതി സർക്കാരിനുണ്ട്.  സർവകലാശാലകളിൽ സർക്കാരിന് എത്രത്തോളം ഇടപെടാം എന്നതിനെച്ചൊല്ലി ഗവർണറും സർക്കാരും തമ്മിൽ നിലനിൽക്കുന്ന നിരന്തരമായ തർക്കങ്ങളുടെ തുടർച്ചയായി, വി.സിമാരെ കൺട്രോൾ ചെയ്യാനുള്ള സെക്രട്ടറിയുടെ തന്ത്രപരമായ നീക്കമായാണ് ഈ ഗ്രൂപ്പ് രൂപീകരണത്തെ വി.സിമാർ കാണുന്നത്.

ENGLISH SUMMARY:

A significant controversy in Kerala's higher education sector. Dr. B. Ashok, the Principal Secretary of the Higher Education Department, has formed a WhatsApp group including Vice Chancellors and Registrars, sparking strong protests against alleged government interference in autonomous institutions.