സംസ്ഥാനത്ത് പകർച്ചവ്യാധി പടർന്നുപിടിക്കുന്ന ഘട്ടത്തിൽ 15 ദിവസത്തെ അവധി ആവശ്യപ്പെട്ടു എന്ന കാരണം ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) ഡോ. കെ.ജെ. റീനയെ സ്ഥാനത്തുനിന്ന് നീക്കി. പകരം ഡോ. മീനാക്ഷിക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകി. എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറിയുടെ ഡയറക്ടറായാണ് ഡോ. റീനയെ തരംതാഴ്ത്തി നിയമിച്ചിരിക്കുന്നത്.

എന്നാൽ, താൻ 15 ദിവസത്തെ ലീവിന് അപേക്ഷിച്ചിട്ടില്ലെന്നും പനിയും വയറിളക്കവും ബാധിച്ചതിനാൽ രണ്ടര ദിവസത്തെ കാഷ്വൽ ലീവിനാണ്  അപേക്ഷിച്ചതെന്നും ഡോ. റീന മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. ഉത്തരവ് കണ്ട് താൻ ഞെട്ടിപ്പോയെന്നും 15 ദിവസത്തെ ലീവ് ചോദിച്ചതിന് തെളിവുണ്ടെങ്കിൽ ആരോഗ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിടട്ടെയെന്നും അവർ പറഞ്ഞു.  

കഴിഞ്ഞ ദിവസം നിപ ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ ഡോ. റീന മാസ്ക് ധരിച്ചാണ് പങ്കെടുത്തത്. കടുത്ത ശ്വാസകോശ അണുബാധ ഉണ്ടായിരുന്നിട്ടും അവർ ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഉച്ചയോടെ വയറിളക്കം കൂടി ബാധിച്ചതോടെയാണ് ലീവെടുക്കാൻ തീരുമാനിച്ചത്. കോവിഡ് ആണോ എന്ന് സംശയമുണ്ടായിരുന്നതിനാൽ ഇക്കാര്യം മന്ത്രിയുടെ പി.എയെ (PA) ഫോണിൽ വിളിച്ച് ബോധ്യപ്പെടുത്തി. തുടർന്ന് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് (ACS) ഇമെയിൽ വഴിയും വാട്സാപ്പിലും രണ്ടര ദിവസത്തെ സി.എൽ (CL) അപേക്ഷ സമർപ്പിച്ചു.

അവധിയിൽ പ്രവേശിച്ച് വീട്ടിലെത്തിയപ്പോഴാണ് തരംതാഴ്ത്തിക്കൊണ്ടുള്ള ഉത്തരവ് കാണുന്നത്. അതിൽ 15 ദിവസത്തെ അവധി ചോദിച്ചെന്ന് രേഖപ്പെടുത്തിയത് എങ്ങനെയെന്ന് അറിയില്ലെന്നും, ഉത്തരവിറക്കിയവർ തന്റെ രണ്ടര ദിവസം എന്നത് 15 ദിവസമായി തെറ്റിവായിച്ചതാകാം എന്നും അവർ പറഞ്ഞു. മാറ്റുന്നതിന് മുൻപ് തന്നോട് വിശദീകരണം ചോദിക്കാമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് നിപ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുമ്പോൾ ഡയറക്ടർ കൃത്യമായി സഹകരിക്കുന്നില്ല എന്നൊരു ആക്ഷേപം മന്ത്രിയുടെ ഓഫീസിന് ഉണ്ടായിരുന്നു.

മണ്ഡലകാലത്ത് ശബരിമലയിൽ ഡ്യൂട്ടിക്ക് എത്തുന്ന ഡോക്ടർമാർക്ക് മതിയായ താമസ-ഭക്ഷണ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡോ. റീന ദേവസ്വം കമ്മീഷണർക്ക് ഔദ്യോഗികമായി കത്തയച്ചിരുന്നു. ആരോഗ്യവകുപ്പും ദേവസ്വം വകുപ്പും ഒരേ മന്ത്രിയുടെ കീഴിലായതിനാൽ ഈ കത്ത് മന്ത്രിയെയും വകുപ്പിനെയും വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിലുള്ള പ്രതികാര നടപടിയാണ് പെട്ടെന്നുള്ള ഈ തരംതാഴ്ത്തലെന്നാണ് സൂചന.

ഡോ. റീന സമർപ്പിച്ച ലീവ് അപേക്ഷയുടെ പകർപ്പ് മനോരമ ന്യൂസിന് ലഭ്യമായിട്ടുണ്ട്. ഇതിൽ അവർ രണ്ടര ദിവസത്തെ അവധിയാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമാണ്. ലീവ് ഓർഡർ കാണുന്നതിന് തൊട്ടുമുമ്പ് വരെ നിപ പരിശോധനാ ഫലങ്ങളുമായി ബന്ധപ്പെട്ട് താൻ മന്ത്രിയുമായി നേരിട്ട് സംസാരിച്ചിരുന്നുവെന്നും ഡോ. റീന വ്യക്തമാക്കുന്നുണ്ട്. 

ENGLISH SUMMARY:

Dr. KJ Reena, the Kerala Health Department Director, was controversially transferred and demoted following a disagreement over her leave request. She claims she only applied for a 2.5-day casual leave due to illness, not the 15 days cited in the transfer order.