തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ഇരുപതിലേറെ ക്ഷേത്രങ്ങളുടെ തിരുവാഭരണം ഉൾപ്പെടെയുള്ള മൂല്യമേറിയ സ്വർണം, വെള്ളി ആഭരണങ്ങൾ കാണാനില്ലെന്ന റിപ്പോര്‍ട്ടിനെ തള്ളി നെയ്യാറ്റിന്‍കര ദേവസ്വം അസിസ്റ്റന്‍റ് കമ്മിഷണര്‍. തിരുവാഭരണ കമ്മിഷണര്‍ ലോക്കര്‍ തുറന്ന് യാതൊരു പരിശോധനയും നടത്തിയിട്ടില്ല. വിവിധ ക്ഷേത്രങ്ങളിലെ മൂല്യമേറിയ വസ്തുക്കളുടെ പ്രാഥമിക വിവരശേഖരണമാണ് പുറത്ത് വന്നതെന്നും പിഴവ് തിരുത്തിയുള്ള റിപ്പോര്‍ട്ട് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അസിസ്റ്റന്‍റ് കമ്മിഷണര്‍ അയ്യപ്പന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. നെയ്യാറ്റിൻകര സബ് ഗ്രൂപ്പിലുള്ള ക്ഷേത്രങ്ങളുടെ മൂല്യമേറിയ വസ്തുക്കൾ പാറശാല മഹാദേവർ ക്ഷേത്രത്തിലെ ലോക്കറില്‍ കാണാനില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.
തിരുവാഭരണ കമ്മിഷണര്‍ നേരിട്ട് മഹാദേവര്‍ ക്ഷേത്രത്തിലെ ലോക്കര്‍ തുറന്ന് പരിശോധിച്ചിട്ടില്ല. സബ് ഗ്രൂപ്പ് ഓഫിസിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ മൂല്യം സംബന്ധിച്ച് കമ്മിഷണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന്‍റെ ഭാഗമായി സബ് ഗ്രൂപ്പ് ഓഫിസര്‍ സമര്‍പ്പിച്ച പട്ടികയില്‍ തെറ്റുണ്ട്. ഇത് തിരുത്തി നല്‍കുന്നതിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ക്ഷേത്രങ്ങളുടെ മൂല്യമേറിയ യാതൊന്നും നഷ്ടപ്പെട്ടിട്ടില്ല. ക്രമക്കേട് നടന്നിട്ടില്ല. വൈകാതെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതോടെ മൂല്യമുള്ള വസ്തുക്കളുടെ കണക്ക് സംബന്ധിച്ച യാഥാര്‍ഥ്യം പുറത്ത് വരും.
റിപ്പോര്‍ട്ടില്‍ പാറശാല മഹാദേവർ ക്ഷേത്രത്തിലെ സ്വർണ്ണകട്ടി, മര്യങ്കര ക്ഷേത്രത്തിലെ സ്വർണ്ണ മുദ്രപ്പൊതി, കേളേശ്വരം ക്ഷേത്രത്തിലെ സ്വർണ്ണ ഗോപി, കൂട്ടപ്പന ക്ഷേത്രത്തിലെ വീര ചക്രം തുടങ്ങി ഇരുപതിലേറെ ക്ഷേത്രത്തിലെ സ്വർണാഭരണങ്ങളും വെള്ളി ആഭരണങ്ങളും തിരുമുഖവും കാണാനില്ലെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യാഥാര്‍ഥ്യം അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കളവല്ല. അവ്യക്തത മാത്രമെന്ന് അസിസ്റ്റന്‍റ് കമ്മിഷണര്‍ ആവര്‍ത്തിക്കുമ്പോള്‍ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ്.