dog-death

Image Credit : Twitter

വളര്‍ത്തുനായയെ ജീവനോടെ തീ കൊളുത്തിക്കൊന്ന ഉടമയ്ക്ക് ശിക്ഷാ ഇളവ് നല്‍കിയ കോടതി വിധിയില്‍ വന്‍ പ്രതിഷേധവുമായി മൃഗസ്നേഹികള്‍. തെക്കൻ തായ്‌ലൻഡിലെ സോങ്ഖ്‌ല പ്രവിശ്യയിലാണ് സംഭവം. സൈബീരിയൻ ഹസ്കി ഇനത്തില്‍പ്പെട്ട രണ്ട് വയസുള്ള മോളി എന്നുപേരുളള നായയെയാണ് 56കാരനായ ഉടമ ജീവനോടെ തീ തൊളുത്തി കൊന്നത്.

കേസില്‍ ഉടമയ്ക്ക് ആറ് മാസം തടവുശിക്ഷയും വന്‍തുകയുമാണ് കോടതി ശിക്ഷയായി വിധിച്ചിരുന്നതെങ്കിലും പിന്നീട് ശിക്ഷയില്‍ ഇളവ് നല്‍കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിൽ നിന്ന് അബദ്ധത്തിൽ പുറത്തുചാടിയ മോളി എന്ന സൈബീരിയന്‍ ഹസ്കി വീട്ടില്‍ വളര്‍ത്തുന്ന പോരുകോഴികളെ ആക്രമിച്ചെന്നാണ് ഉടമയുടെ മൊഴി. കോഴികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് നായയെ തീ കൊളുത്തിയതെന്നും ഉടമ കോടതിയില്‍ പറഞ്ഞു.

അതേസമയം മാരമകമായി പൊളളലേറ്റ മോളിയെ വഴിപോക്കരില്‍ ഒരാളാണ് ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കിയത്. അധികം വൈകാതെ തന്നെ മോളി മരണത്തിന് കീഴടങ്ങി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സോങ്ഖ്‌ല പൊലീസ് പ്രതിയായ ഉടമയെ അറസ്റ്റ് ചെയ്തത്. ജൂൺ എട്ടിന് കോടതി പുറപ്പെടുവിച്ച വിധിപ്രകാരം പ്രതിക്ക് ആറ് മാസത്തെ തടവ് വിധിച്ചെങ്കിലും ജയിൽ ശിക്ഷ അടുത്ത രണ്ട് വർഷത്തേക്ക് നടപ്പിലാക്കേണ്ടതില്ലെന്ന് കോടതി വിധിക്കുകയായിരുന്നു. ഇതിന് പകരമായി പ്രതിയെ ഒരു വർഷത്തെ പ്രൊബേഷനിൽ വെക്കാനും, നാല് തവണ അധികാരികൾക്ക് മുന്നിൽ ഹാജരാകാനും, 12 മണിക്കൂർ സാമൂഹിക സേവനം ചെയ്യാനും കോടതി നിര്‍ദേശിച്ചു. 

കോടതിയുടെ ഈ മൃദുസമീപനത്തിനെതിരെയാണ് മൃഗസ്നേഹികള്‍ രംഗത്തെത്തിയത്. ഇത്തരം ക്രൂരതകൾ തടയാൻ കടുത്ത ശിക്ഷ തന്നെ പ്രതിക്ക് നല്‍കണമെന്ന് വാച്ച്ഡോഗ് തായ്‌ലൻഡ് ഫൗണ്ടേഷൻ എന്ന മൃഗസംരക്ഷണ സംഘടനയും രംഗത്ത് വന്നു.

ENGLISH SUMMARY:

Owner who burnt dog alive gets sentence reduction; court decision sparks massive protests