Veena Vijayan Pinarayi Vijayan's daughter Thiruvananthapuram 2025 : Photo by : J Suresh
സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസില്‍ ചോദ്യം ചെയ്യലിനായി ടി.വീണ ഇ.ഡിക്ക് മുന്‍പില്‍ നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വീണ സാവകാശം തേടിയത്. ഇമെയില്‍ വഴിയാണ് വിവരം ഇഡിയെ അറിയിച്ചത്. പുതിയ തീയതി ഉടന്‍ തീരുമാനിക്കുമെന്ന് ഇഡി അറിയിച്ചു.
അതേസമയം, കേസില്‍ ടി വീണയ്ക്ക് വേണ്ടി അന്ധമായ പ്രതിരോധം വേണ്ടെന്നാണ് സിപിഎമ്മിന്‍റെ തീരുമാനം. കേസില്‍ പിണറായി വിജയനെ ബന്ധിപ്പിച്ചാല്‍ മാത്രമേ പ്രത്യക്ഷ സമരത്തിനിറങ്ങൂ. പിണറായി വിജയന്‍റെ മകൾക്കുവേണ്ടി ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും തെരുവിൽ പ്രതിഷേധവുമായി ഇറങ്ങുകയും ചെയ്തതിന്റെ നാണക്കേടിൽ നിന്ന് തലയൂരുകയാണ് സിപിഎം. കേസില്‍ പിണറായി വിജയന്‍റെയും മകളുടെയും വീടുകളില്‍ ഇ.ഡി റെയ്ഡ് നടത്തിയപ്പോള്‍ പിണറായി വിജയനെ രാഷ്ട്രീയമായി വേട്ടയാടുന്നുവെന്ന് പറഞ്ഞായിരുന്നു സി.പി.എം തെരുവിലിറങ്ങിയത്. റെയ്ഡിനിടെ ഇ.ഡി തന്നോട് ഒന്നും ചോദിച്ചില്ലെന്ന് പിണറായി വിജയന്‍ പിന്നീട് പ്രതികരിച്ചതോടെ സിപിഎം നേതൃത്വം വെട്ടിലാവുകയായിരുന്നു.
അതേസമയം, സിപിഎമ്മിന്‍റെ നിലപാട് മാറ്റത്തെ മുഖ്യമന്ത്രി വി.ഡി.സതീശന്‍ പരിഹസിച്ചു. വീണയക്ക് ഇ.ഡി സമന്‍സ് അയച്ചപ്പോള്‍ സി.പി.എം ഇഷ്ടിക കയ്യിലെടുത്തില്ലല്ലോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്ന യു.ഡി.എഫ് നിലപാടാണ് ഇപ്പോള്‍ സി.പി.എമ്മും പറയുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പ്രതികരിച്ചു. എങ്കിലും വീണക്കെതിരായ കേസ് പിണറായിക്കെതിരെ തിരിയാനുള്ള സാധ്യത സി.പി.എം കാണുന്നുണ്ട്. അങ്ങിനെയെങ്കില്‍ അതിനെ രാഷ്ട്രീയമായി തന്നെ നേരിടും. ഇ.ഡിക്കെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തിറങ്ങും.