കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് അതിതീവ്ര മഴക്ക് സാധ്യത. മൂന്നു ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിലേയും പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
മലപ്പുറത്തും വയനാട്ടിലും ഒാറഞ്ച് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം ഇടുക്കി, എറണാകുളം തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കി. കേരളതീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും ഉണ്ട്. മണിക്കൂറില്‍ 50 കിലോ മീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാണ്. നാളെ മുതല്‍ മഴയുടെ തീവ്രത കുറയാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.
സംസ്ഥാനത്ത് മഴ കനത്തതോടെ പകർച്ചവ്യാധികളും വർധിക്കുന്നു. ഒരാഴ്ചയ്ക്കിടെ പനിബാധിച്ച് ചികിത്സ തേടിയത് എഴുപതിനായിരത്തിലേറെ പേരാണ്. ഇന്നലെ പനി ബാധിതരുടെ എണ്ണം പതിനായിരം കടന്നു. കൊതുകു പരത്തുന്ന ഡെങ്കിപ്പനി ഇതുവരെ 15 ജീവനെടുത്തു . ഒരാഴ്ചക്കിടെ 342 പേർക്ക് ഡങ്കിപ്പനി സ്‌ഥിരീകരിച്ചു. 1366 പേർക്ക് രോഗം സംശയിക്കുന്നു. 47 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. മറ്റൊരു 47 പേർ രോഗം സംശയിച്ച് ചികിത്സയിലുണ്ട്. ഈ വർഷം ഇതുവരെ എലിപ്പനി ബാധിച്ച് 20 പേർ മരിച്ചു.
അതേസമയം വയനാട് ബത്തേരിയിൽ ശാരീരിക അസ്വസ്ഥത നേരിട്ട 21 കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി കെ മുരളീധരൻ ഉച്ചകഴിഞ്ഞ് ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തും. സമാന ലക്ഷണങ്ങൾ ഉള്ള നാലുപേർ നിരീക്ഷണത്തിൽ. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളിയാടി എയുപി സ്കൂളിലെ കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. വിദ്യാർഥികളുടെ വീടുകളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്യുമെന്നും രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ രക്ഷിതാക്കൾ ആശുപത്രിയിലെത്തണമെന്നും വയനാട് ഡിഎംഒ അറിയിച്ചു.