സംസ്ഥാനത്ത് നാളെ മുതല്‍ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ ആഴക്കടല്‍ മീന്‍പിടിത്തം പൂര്‍ണമായി സ്തംഭിക്കും. മീനുകളുടെ പ്രജനനകാല സംരക്ഷണം ലക്ഷ്യമിട്ടുള്ള നിരോധനക്കാലത്ത് തീരം വറുതിയുടേതാണ്.
വറുതിക്കാലത്തേക്കു കരുതലിനായി കടലിലേക്കിറങ്ങുകയാണു തൊഴിലാളികള്‍. കടലും കാലാവസ്ഥയും കനിഞ്ഞാല്‍ 48 മണിക്കൂറിനകം മനസു നിറച്ചു തീരമണയാമെന്ന ആശയില്‍. ആകാശം പോലെ ആശങ്കകള്‍ മൂടികെട്ടിയ മനസാണിപ്പോള്‍ ഓരോ കടലിന്റെ മക്കള്‍ക്കും. സ്കൂള്‍ തുറന്നു ദിവസങ്ങള്‍ മാത്രം പിന്നിടവെ വീടുകളിലേക്കുള്ള വറുതിയുടെ വരവിനെ തടയാനായി പരമ്പരാഗത വള്ളങ്ങളിലേക്കുമാറും മിക്കവരും.
മത്സ്യത്തൊഴിലാളികള്‍ മാത്രമല്ല.തുറമുഖങ്ങളില്‍ അന്നം കണ്ടെത്തുന്നവര്‍ക്കും പട്ടിണിയോളമെത്തുന്ന ദിവസങ്ങളാണ്. ബോട്ടുകള്‍ വലകള്‍, ജി.പി.എസ്., എക്കോ സൗണ്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്ന തിരക്കിലേക്കമര്‍ന്നു ഹര്‍ബറുകളും.ഡീസല്‍ വിലവര്‍ധനയുണ്ടാക്കിയ അധിക ചെലവും മീനില്ലാ കടലുമുണ്ടാക്കിയ മോശം കാലവും കടന്നു നല്ല നാളുകള്‍ വരുമെന്ന പ്രതീക്ഷയോടെയാണ് ഓരോരുത്തരും ട്രോളിങ് നിരോധനത്തിലേക്ക് കടക്കുന്നത്.