പൊലീസ് തലപ്പത്ത് അഴിച്ചുപണി ഉടന്‍. ഡി.ജി.പിയും വിജിലന്‍സ് മേധാവിയും മാറില്ലെങ്കിലും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്ത് ഉള്‍പ്പടെ മാറ്റം വരും. എച്ച്. വെങ്കിടേഷിനെ മാറ്റി ദിനേന്ദ്ര കശ്യപിനോ പി.വിജയനോ ക്രമസമാധാന ചുമതല നല്‍കിയേക്കും. ടി.പി. കേസ് അന്വേഷിച്ച കെ.പി.ഷൗക്കത്തലിയെ കണ്ണൂരിലേക്ക് വീണ്ടും നിയമിക്കാനും ആലോചന.
സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോളും പിണറായി സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ തന്നെയാണ് പ്രധാന പദവികളിലെല്ലാം. എത്രയും വേഗം അഴിച്ചുപണി നടത്തി യു.ഡി.എഫ് സര്‍ക്കാരിന്‍റെ പൊലീസായി രൂപപ്പെടുത്താനാണ് തീരുമാനം. ഡി.ജി.പി റവാഡാ ചന്ദ്രശേഖര്‍ തുടരും. അദേഹം വിരമിക്കുന്ന 2027 ജൂലായ് വരെ അദേഹം തന്നെയാവും പൊലീസ് മേധാവി. വിജിലന്‍സ് ഡയറക്ടര്‍ കസേരയില്‍ മനോജ് എബ്രഹാമിനും മാറ്റമുണ്ടായേക്കില്ല. ക്രമസമാധാന ചുമതലയില്‍ നിന്ന് എച്ച്. വെങ്കിടേഷിനെ നീക്കിക്കൊണ്ടാവും മാറ്റങ്ങള്‍ക്ക് തുടക്കമിടുക. ദിനേന്ദ്ര കശ്യപ്, പി.വിജയന്‍ എന്നിവരാണ് പകരം പരിഗണനയില്‍. പൊലീസിന് പുതിയ മുഖം എന്ന പരിഗണനയാണ് പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ആറ് വര്‍ഷമായി കേരളത്തില്‍ ഇല്ലാതിരുന്ന കശ്യപിന്‍റെ സാധ്യത കൂട്ടുന്നത്. ക്രമസമാധാന പ്രശ്നങ്ങളിലെ പരിചയം നോക്കിയാല്‍ വിജയന് നറുക്കുവീഴും. ബെവ്കോ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് അജിത്കുമാറിനെ മാറ്റണമെന്ന് മന്ത്രി എം.ലിജു ആവശ്യപ്പെട്ടതിനാല്‍ സ്ഥാനം തെറിക്കുമെന്ന് ഉറപ്പാണ്. പകരം ബറ്റാലിയനോ ട്രയിനിങ്ങോ പോലുള്ള പദവി ലഭിച്ചേക്കും. ജയില്‍ മേധാവി സ്ഥാനവും ഇളക്കി പ്രതിഷ്ടിക്കും.ബല്‍റാം കുമാര്‍ ഉപാധ്യായയെ സപ്ളൈകോ പോലെ സേനക്ക് പുറത്തുള്ള വകുപ്പുകളുടെ തലപ്പത്തേക്കാവും മാറ്റുക. ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുന്ന വെങ്കിടേഷാവും പകരം ജയില്‍ മേധാവിയാവുക. തലപ്പത്ത് മാറ്റത്തിനൊപ്പം കമ്മീഷണര്‍, ജില്ലാ പൊലീസ് മേധാവി കസേരകളും അഴിച്ചുപണിയും. ടി.പി കേസ് അന്വേഷണത്തിന് പിന്നാലെ പിണറായി സര്‍ക്കാര്‍ ഒതുക്കുകയും ഗണ്‍മാന്‍മാരുടെ മര്‍ദനക്കേസ് അന്വേഷിക്കുകയും ചെയ്യുന്ന ഷൗക്കത്തലിയെ കണ്ണൂര്‍ കമ്മീഷണറാക്കി തിരിച്ചെത്തിച്ചുകൊണ്ടാവും ജില്ലകളിലെ പൊലീസ് മുഖം മാറ്റുക.