തിരുവനന്തപുരം നരുവാമൂട് പതിനേഴുകാരന്‍റെ കൊലയില്‍ കലാശിച്ചത് ഫുട്ബോള്‍ കളിക്കിടയിലുണ്ടായ തര്‍ക്കമെന്ന് പൊലീസ്. അഞ്ച് പേര്‍ ചേര്‍ന്ന് മര്‍ദിക്കുന്നതിനിടെയാണ്, പെരിങ്ങമല സ്വദേശി ശിവസൂര്യ സമീപത്തെ കടയുടെ ഗ്ളാസ് ഡോറിലേക്ക് വീണതും ചില്ലുകള്‍ ദേഹത്ത് തറച്ച് രക്തം വാര്‍ന്ന് മരിച്ചതും. കൊലപാതക സമയത്തെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
കൊല്ലാനുറച്ചുള്ള സംഘര്‍ഷമല്ലെങ്കിലും നിസാര തര്‍ക്കം പതിനേഴുകാരന്‍റെ ദാരുണാന്ത്യത്തിലെത്തി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പെരിങ്ങമല സ്വദേശി ശിവസൂര്യ കൊല്ലപ്പെടുന്നത്. അഞ്ച് പേര്‍ ചേര്‍ന്ന് തള്ളിയിട്ടപ്പോള്‍ സമീപത്തെ കടയുടെ ഗ്ളാസ് ഡോറില്‍ വന്നിടിക്കുകയും, അത് പൊട്ടി വയറില്‍ തുളഞ്ഞ് കയറുകയുമായിരുന്നു.
പ്രതികളും കൊല്ലപ്പെട്ട ശിവസൂര്യയും ടര്‍ഫില്‍ ഒരുമിച്ച് ഫുട്ബോള്‍ കളിച്ച് പരിചയമുള്ളവരാണ്. ഒരു വര്‍ഷം മുന്‍പ് നടന്ന ഫുട്ബോള്‍ കളിക്കിടെ പ്രതികളിലൊരാളായ കാര്‍ത്തിക്കിനെ കൊല്ലപ്പെട്ട ശിവസൂര്യ ഫൗള്‍ ചെയ്തു. അതിന്‍റെ പേരില്‍ തര്‍ക്കവും അടിയുമായി. അതിനെ ചൊല്ലി ഫോണിലൂടെയടക്കം വെല്ലുവിളികള്‍ തുടര്‍ന്നിരുന്നു. ഇന്നലെ പ്രതികളായ അഞ്ച് പേര്‍ രണ്ട് ബൈക്കിലായി വരുമ്പോള്‍ ശിവസൂര്യ നരുവാമൂടിനടുത്ത് പുന്നമൂട് എന്ന സ്ഥലത്ത് നില്‍ക്കുന്നത് കണ്ടു. ഇതോടെ വീണ്ടും തര്‍ക്കവും സംഘര്‍ഷവുമായി. അതിനിടെയില്‍ പിടിച്ച് തള്ളിയപ്പോള്‍ ശിവസൂര്യ ഗ്ളാസ് ഡോറിലേക്ക് തെറിച്ച് വീണാണ് ദുരന്തം.
രക്തം വാര്‍ന്ന് റോഡില്‍ കിടന്ന ശിവസൂര്യയെ പ്രതികളെ തന്നെ ബൈക്കില്‍ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു. അഞ്ച് പ്രതികളില്‍ അജിത്, കാര്‍ത്തിക് എന്നിവരടക്കം മൂന്ന് പേര്‍ പിടിയിലായി. രണ്ട് പേര്‍ ഒളിവിലാണ്.