സംസ്ഥാനത്ത് പെരുമഴയും കാലവര്‍ഷക്കെടുതികളും തുടരുന്നു. കോഴിക്കോട് , കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് പട്ടം സര്‍ക്കാര്‍ സ്കൂളിന്‍റെ മതില്‍ തകര്‍ന്നു. കേരള തീരത്ത് നാളെ വരെ മത്സ്യ ബന്ധനം വിലക്കി.
കാലവര്‍ഷം കനക്കുമ്പോള്‍ സംസ്ഥാനമൊട്ടുക്ക് ദുരിതപ്പെയ്ത്ത്. തൃശൂര്‍ എരുമപ്പെട്ടി കാഞ്ഞിരക്കോട് ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് കാഞ്ഞിരക്കോട് സ്വദേശിയായ കൃഷ്ണറാവുവിന്‍റെ വീട് തകര്‍ന്നു. കുടുംബം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാഷിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ നശിച്ചു.
കാസര്‍കോട് കുമ്പളയില്‍ സുരേഷിന്‍റെ വീട്ടിലെ മതിലിടിഞ്ഞ് വീണു. തിരുവനന്തപുരം പട്ടം ഗേള്‍സ് സ്കൂളിന്‍റെ മതില്‍ തകര്‍ന്നു. കുട്ടികള്‍ നടന്നു പോകുന്ന വഴിയിലേയ്ക്കാണ് മതിലിടിഞ്ഞതെങ്കിലും സ്കൂള്‍ സമയത്തിന് മുമ്പായതിനാല്‍ ദുരന്തമൊഴിവായി.
പത്തനംതിട്ട കൂടല്‍ എച്ച്.എസ്.സ്കൂളിലെ ആല്‍മരം കടപുഴകി വീണു. വര്‍ഷങ്ങള്‍ പഴക്കമുള്ള മരമാണ് നിലംപതിച്ചത്. രാത്രിയായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഇന്നും നാളെയും എല്ലാ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ബുധനാഴ്ചവരെ വ്യാപക മഴയ്ക്കാണ് സാധ്യത. ഇടുക്കിയില്‍ രാത്രിയാത്ര നിരോധിച്ചു.തിരുവനന്തപുരം പൊന്മുടിയില്‍ ഹില്‍ സ്റ്റേഷനില്‍ പ്രവേശനം നിരോധിച്ചു. 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കേരള, കര്‍ണാടക , ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ വരെ മത്സ്യബന്ധനം വിലക്കി.