ഗുണഭോക്തൃ പട്ടികയിലെ പിഴവുകൾ പരിഹരിച്ച്, ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാൻ വയനാട് ജില്ലാ ഭരണകൂടം നടപടി തുടങ്ങി. ദുരന്തബാധിതരുടെ പരാതി കേൾക്കാൻ നാളെ മുതൽ കലക്ടറേറ്റിൽ അദാലത്ത് ചേരും. സർക്കാർ ഉത്തരവിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും വായ്പ എഴുതിത്തള്ളിയില്ലെന്ന മനോരമ ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് ഭരണകൂടം നടപടികൾ വേഗത്തിലാക്കിയത്.

വായ്പ തിരച്ചടിയ്ക്കാത്തതിൻ്റ പേരിൽ അനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസങ്ങൾ ഇനിയെങ്കിലും ഒഴിയുന്നതിൻ്റ സന്തോഷത്തിലാണ് നസീറിനെപ്പോലെയുള്ളവർ. കഴിഞ്ഞ ജനുവരി 28നാണ് ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളാൻ അന്നത്തെ മന്ത്രിസഭ യോഗം തീരുമാനിച്ചത്. തുടർന്ന് ജില്ലാ കലക്ടറുടെ അക്കൗണ്ടിലേക്ക് പണവും കൈമാറി. എന്നാൽ കലക്ടർ സർക്കാരിലേക്ക് കൈമാറിയ വായ്പ എഴുതിത്തള്ളേണ്ടവരുടെ പട്ടികയിൽ പലരും ഒഴിവാക്കപ്പെട്ടു . ഉൾപ്പെട്ടവരുടെ മുഴുവൻ തുകയും ചേർത്തിട്ടുമില്ല. ഇത് കാരണം തുക ബാങ്കിന് കൈമാറുന്ന നടപടികൾ തടസപ്പെട്ടു. വായ്പ തുക കിട്ടാതെ വന്നതോടെ ബാങ്കുകാർ ദുരന്തബാധിതരെ വിളിച്ച് ശല്യപ്പെടുത്താനും തുടങ്ങി. ഇക്കാര്യം മനോരമ ന്യൂസ് ചൂണ്ടിക്കാണിച്ചതിന് പിന്നാലെയാണ് ദുരന്ത ബാധിതരെ നേരിട്ട് കേൾക്കാൻ അടുത്ത ദിവസം മുതൽ അദാലത്ത് വിളിച്ചിരിക്കുന്നത്

ദുരന്തത്തിൽപെട്ട 555 പേരുടെ വായ്പകളാണ് എഴുതി തള്ളുന്നത്.വ്യാഴാഴ്ച വരെയാണ് അദാലത്ത് ഉണ്ടാക്കുക. ഇതിലൂടെ നിലവിലുള്ള അപാകതകൾ പരിഹരിച്ച് ദുരന്തബാധിതർക്ക് എത്രയും വേഗം ആശ്വാസം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ

ENGLISH SUMMARY:

Wayanad district administration is taking steps to waive loans for landslide victims after rectifying errors in the beneficiary list. An adalath will be held at the collectorate from tomorrow to address the grievances of disaster-affected individuals, speeding up the process following a Manorama News report.