ചിരിപ്പിക്കുന്നവര്‍ അതിനെക്കാള്‍ തീവ്രമായി കരയിപ്പിക്കുമെന്നതാണ് അനുഭവപാഠം. സലിം കുമാറും സ്വന്തം ജീവിതാനുഭവത്തിലൂടെയും കഥാപാത്രങ്ങളിലൂടെയും നമ്മളുടെ മനസിന്റെ കോണിലെവിടെയൊക്കെയോ കുറെ നൊമ്പരങ്ങളും കോറിയിട്ടു. അത്തരം കഥാപാത്രങ്ങളാണ് വാസ്തവത്തില്‍ സലിം കുമാര്‍ എന്ന അഭിനേതാവിന്റെ ആഴം അടയാളപ്പെടുത്തിയത്.
എനിക്ക് മഴയത്ത് നടക്കുന്നതാണിഷ്ടം. ഞാന്‍ കരയുന്നത് അപ്പോഴാരും കാണില്ല-ലോകത്തെ സകലമാന മനുഷ്യരെയും ചിരിപ്പിച്ച ചാര്‍ളിചാപ്ലിന്‍ പറഞ്ഞതായി പ്രചരിക്കുന്ന കഥയാണിത്. ആ മനുഷ്യന്റെ ഉള്ളിലെ ഏകാന്ത വിഷമങ്ങളുടെ ആഴം വ്യക്തമാക്കുന്ന വരികളാണത്. സലിം കുമാറിനും യോജിക്കും ചാപ്ലിന്റെ ഇക്കഥ. ആ മനുഷ്യന്റെ ചിരിയുടെ പിന്നില്‍ നോവിന്റെ വലിയകടലും നിശബ്ദമായി അലയടിക്കുന്നുണ്ടെന്ന് നിരവധി തവണ നമ്മള്‍ കണ്ടു.
അത്തര്‍വില്‍പ്പനക്കാരന്‍ അബുവിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അഥവാ സ്വപ്‌നമാണ് ഹജ്ജിനു പോകുകയെന്നത്. ജീവിതത്തിന്റെ മതത്തില്‍ പാവത്താന്മാരുടെ കൂട്ടത്തിലായിപ്പോയ അബുവിന് മുന്നില്‍ തടസങ്ങളേറെ. നിയസ്സയാവസ്ഥയും ആത്മീയാന്വേഷണത്തിന്റെ തീക്ഷ്ണതയും കാണുന്നവരിലേക്ക് പകര്‍ന്നത് സലീംകുമാറിന്റെ അഭിനയശേഷിയുടെ അറിയപ്പെടാത്ത തലം. മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ ആദാമിന്റെ മകന്‍ അബുവിന് കിട്ടിയത് സ്വാഭാവികം മാത്രം.
കമലിന്റെ ഗ്രാമഫോണില്‍ തബല ഭാസ്‌കരനായി സലീംകുമാര്‍ അതുവരെ സഞ്ചരിക്കാത്ത വഴി തുറക്കുകയായിരുന്നു അപ്പോള്‍. അച്ഛനുറങ്ങാത്ത വീട് പുറത്തിറങ്ങിയത് പത്തുവര്‍ഷം മുമ്പാണ്. എങ്കിലും അതിനുമുമ്പും ശേഷവും അച്ഛനുറങ്ങാത്ത വീടുകള്‍ ഉണ്ടെന്ന് നമ്മെ ഓര്‍മപ്പെടുത്തിയത് ഈ അച്ഛനാണ്. പത്തേമാരിയില്‍ മകനുവേണ്ടി നീറുന്ന പിതാവായാണ് സലീം കുമാര്‍ എത്തുന്നത്. മകന് മെച്ചപ്പെട്ട ജീവിതം കിട്ടാന്‍ അവനെ ഗള്‍ഫിലേക്ക് അയയ്ക്കുകയെന്ന ഒറ്റമൂലി പോംവഴി തേടുന്ന പിതാവിന്റെ ആധിയും നിസ്സഹായതയും ആ നടന്റെ മുഖത്ത് അനായാസം മിന്നിമറഞ്ഞു. സ്വയം എഴുതി സംവിധാനം ചെയ്ത കറുത്ത ജൂതനില്‍ സലീം കുമാര്‍ എന്ന നടന്റെ നിലപാടുകള്‍ കൂടിയാണ് വ്യക്തമാകുന്നത്.
ഒരിക്കലൊരാള്‍ മനോരോഗ ചികില്‍സകന്റെ മുന്നിലെത്തി. തന്റെ വിഷാദം മാറാന്‍ പോംവഴി തേടി. ഡോക്ടര്‍ അനുഭാവത്തോടെ നിര്‍ദ്ദേശിച്ചു. നിങ്ങള്‍ നഗരത്തിലെ പഹ്ലിയാച്ചിയുടെ ഷോ കാണാന്‍ പോകൂ. നിങ്ങളുടെ എല്ലാ വിഷമവും മാറും ചിരിച്ച് ചിരിച്ച് മണ്ണുകപ്പും. അപ്പോള്‍ വന്നയാള്‍ പറഞ്ഞു. ഞാനാണ് പഹ്ലിയാച്ചി. ഈ ഇറ്റാലിയന്‍ കഥ സലീംകുമാറിനും ചേരും. അദ്ദേഹം ജീവനേകിയ കഥാപാത്രങ്ങള്‍ക്കും.