മലയാളത്തിന്റെ പ്രിയതാരം സലിംകുമാറിന് വിട. ഭൗതികദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ  പറവൂരിലെ വീട്ടുവളപ്പില്‍  സംസ്കരിച്ചു. മക്കളായ ചന്തുവും ആരോമലും ചേര്‍ന്ന് ചിതയ്ക്ക് തീകൊളുത്തി. സലിംകുമാറിന്‍റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഇല്ലാതെയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. കോണ്‍ഗ്രസ് പതാക പുതപ്പിച്ചശേഷം മൃതദേഹം ചിതയിലേക്കെടുത്തു. മുഖ്യമന്ത്രി വി.ഡി.സതീശന്‍, AICC ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി തുടങ്ങി സിനിമ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. പറവൂര്‍ ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനുശേഷം വീടായ ലാഫിങ് വില്ലയില്‍ എത്തിച്ചപ്പോഴും സലീംകുമാറിനെ അവസാനമായി കാണാന്‍ നിരവധിപേര്‍ കാത്തുനിന്നു. ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.

രാവിലെ 8.13നു സലിംകുമാറിന്റെ മൃതദേഹം ആംബുലൻസിലേക്ക് മാറ്റി. സുരേഷ് ഗോപി, മന്ത്രി പി.സി.വിഷ്ണുനാഥ്, എം.എൽ.എ രമേഷ് പിഷാരടി എന്നിവരൊക്കെ ആശുപത്രിയിൽ എത്തി. വിങ്ങുന്ന മനസും, വിതുമ്പുന്ന ചുണ്ടുകളുമായി ജനക്കൂട്ടവും. ആംബുലൻസ് പറവൂർ ടൗൺഹാളിലേക്ക്. നിറഞ്ഞ ജനക്കൂട്ടത്തിന് നടുവിലൂടെയാണ് സലിം കുമാറിന്റെ മൃതദേഹം ആശുപത്രിയിൽ നിന്ന് പറവൂരിലേക്ക് കൊണ്ടുപോയത്. മുഖ്യമന്ത്രി വി.ഡി.സതീശൻ ടൗൺ ഹാളിൽ അന്ത്യോപചാരം അർപിച്ചു. മന്ത്രി ഒ.ജെ.ജനീഷും ടൗൺഹാളിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു. കമൽ, ജയറാം, നവ്യ നായർ, സൗബിൻ സാഹിർ, വിനയൻ, അന്ന ബെൻ, ദിലീപ്, ജയസൂര്യ തുടങ്ങിയവരും ടൗൺ ഹാളിൽ എത്തി പ്രിയ നടനെ കണ്ടു.

മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതം

ആദ്യ സിനിമയായ ഇഷ്ടമാണ് നൂറുവട്ടത്തിൽ തുടങ്ങി ദിലീപ് ചിത്രമായ ഭഭബയില്‍  വരെ എത്തി നില്‍ക്കുന്ന, മൂന്ന് പതിറ്റാണ്ട് നീണ്ടതാണ് സലിം കുമാറിന്‍റെ ചലച്ചിത്രജീവിതം. 1969ല്‍ വടക്കൻ പറവൂരിലെ ഗംഗാധരൻ- കൗസല്യ ദമ്പതികളുടെ ഇളയ മകനായി ജനനം. അച്ഛൻ്റെ വരുമാനം നിലച്ച വീട്ടിലെ ദരിദ്ര സാഹചര്യത്തിൽ നിന്ന് വടക്കൻ പറവൂർ സർക്കാർ സ്കൂളിൽ പഠനം. മാല്യങ്കര എസ്.എൻ.എം.കോളജിൽ പ്രീഡിഗ്രിയും എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് ബിരുദവും. ഇക്കാലയളവിൽ തന്നെ കലാപ്രവർത്തനങ്ങളിൽ സജീവം. എം.ജി സർവകലാശാല യുവജനോൽവത്തിൽ മി​​മിക്രി​​യി​​ൽ മൂന്നുതവണ വിജയി. കൊച്ചിൻ കലാഭവനിലും കൊച്ചിൻ സാഗറിലൂടെയും മിമിക്രിയിൽ സജീവമായ സലിമിന് ടെലിവിഷൻ ഷോകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും തിരക്കേറിയതോടെയാണ് ആദ്യ സിനിമയായ ഇഷ്ടമാണ് നൂറുവട്ടത്തിലേക്ക് വിളിയെത്തുന്നത്.

സലിമിന് ഈസി വാക്കോവറായിരുന്നില്ല സിനിമ. 97ൽ കലാഭവൻ മണിക്ക് പകരക്കാരനായി നീ വരുവോളം എന്ന ചിത്രത്തിൽ അഭിനയിച്ച തന്നെ ടൈമിങ് ശരിയല്ലെന്ന് പറഞ്ഞ് മടക്കി അയച്ചതിന്റെ വേദന സലിം പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്. നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ സത്യമേവ ജയതേയും  തെങ്കാശിപ്പട്ടണവും വൻ ഹിറ്റായതോടെയാണ്  ചെറുറോളുകളിൽ ഒതുങ്ങിയിരുന്ന സലിമിന് തിരക്കേറിയത്. പിന്നാലെ തന്റെ റേഞ്ച് വെളിവാക്കുന്ന കഥാപാത്രങ്ങളിലേക്ക് സലിമിന്റെ ചുവടുവയ്പ്പ്.

പെരുമഴക്കാലത്തിലെ ആമു എളേപ്പ അതിന് തുടക്കമിട്ടു. ടൈമിങും ടേക്കും ശരിയാകുന്നില്ലെന്ന് പറഞ്ഞ് ഒരിക്കൽ മാറ്റിനിർത്തപ്പെട്ടയിടത്തുനിന്ന് അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവലിലൂടെ ആദ്യ അംഗീകാരമായി മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം. 2010-ൽ  ആദാമിന്റെ മകൻ അബുവിലൂടെ മികച്ച നടനുള്ള ദേശീയ സംസ്ഥാന പുരസ്കാരവും സലിം നേടി. 2012-ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരം സലിമിനായിരുന്നു. ചിത്രം അയാളും ഞാനും തമ്മിൽ. ഇതിനിടയിൽ മൂന്ന് ചിത്രങ്ങളുടെ സംവിധായകനായി. അതിൽ ഗൗരവമേറിയ കറുത്ത ജൂതനിലൂടെ മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരവും നേടി. കലയോടുള്ള ആത്മാർപണത്തിൽ ആരതി തിയറ്റേഴ്സ് എന്ന നാടകസമിതി തുടങ്ങിയെങ്കിലും വിജയിച്ചില്ല.

നടനാകണമെങ്കിൽ ലുക്ക് വേണമെന്ന പൊതുബോധ്യം അംഗീകരിക്കപ്പെട്ട കാലത്ത് ജന്മസിദ്ധമായ നർമംകൊണ്ട് അംഗീകാരം പിടിച്ചുവാങ്ങി സലിം കുമാർ. അതുവരെ കാണാത്ത  ശരീരഭാഷയും ഡയലോഗ് ഡെലിവറിയിലൂടെയും പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച  കഥാപാത്രങ്ങൾ നിരവധിയാണ്. മലയാള സിനിമയിലെ കോമഡി ടെംപ്ലേറ്റുകൾ പൊളിച്ചെഴുതിയതിൽ  ആത്മപരിഹാസവും ജീവിതാനുഭവങ്ങളും ആയുധമാക്കിയ നടൻ കൂടിയാണ് വിട പറയുന്നത്.

ജനനമെന്ന സ്റ്റാർട്ടിങ് പോയന്റിൽ നിന്ന് മരണമെന്ന ഫിനിഷിങ് പോയന്റിലേക്ക് നടത്തുന്ന യാത്രയെന്നാണ്  ഈശ്വരാ വഴക്കില്ലല്ലോ എന്ന തന്റെ ആത്മകഥയെ സലിം കുമാർ വിശേഷിപ്പിച്ചത്. പലതും പൂർണമായി പറഞ്ഞിട്ടില്ലാത്തതിനാൽ തന്റെ ആത്മകഥ സമഗ്രമല്ലെന്ന് പറഞ്ഞു സലിം കുമാർ. തന്നിലെ കറകളഞ്ഞ കോൺഗ്രസുകാരനെയും സലിം കുമാർ ഒരിടത്തും ഒളിച്ചു കടത്തിയുമില്ല. കരൾ രോഗബാധിതനായി ചികിൽസയിലായിരുന്നപ്പോൾ സാമ്പത്തിക സഹായം ചോദിക്കാൻ മടിച്ചുനിന്ന തന്നെ മോനെ എന്ന് വിളിച്ച് ചേർത്തുപിടിച്ച മാതാ അമൃതാനന്ദമയിയോടുള്ള ആദരവും സലിം കുമാർ പലവട്ടം പറഞ്ഞു. തനിക്കുണ്ടായ അവഗണന മക്കൾക്കുണ്ടാകരുതെന്ന തികഞ്ഞ ബോധ്യത്തിലും അവരുടെ സിനിമാമോഹത്തിന് പ്രോൽസാഹനം നൽകിയ അച്ഛൻ. മകൻ ചന്തുവിൻ്റെ സിനിമയിലേക്കുള്ള വരവിലും വാർപ്പല്ലാത്ത ലെഗസിയിലും സന്തോഷിച്ചു സലിം കുമാർ.

ENGLISH SUMMARY:

The untimely demise of National Award-winning Malayalam actor Salim Kumar has plunged the cultural and cinematic landscape of Kerala into deep mourning. Countless administrative leaders, film celebrities, and grief-stricken fans gathered in large numbers at the Paravoor Town Hall to pay their solemn last respects. Chief Minister V.D. Satheesan along with several cabinet ministers and co-stars structuralized the state's tribute before the mortal remains were moved to his residence. Having started his glorious three-decade-long cinematic journey with mimicry, Salim Kumar dynamically redefined the comedic templates of Malayalam cinema before transitioning into profound character roles. His unmatched structural brilliance in "Adaminte Makan Abu" earned him the prestigious National Film Award for Best Actor, cementing his legendary artistic legacy. The legendary actor will be cremated later this evening within his home premises with full state honors, leaving behind an irreplaceable void in the hearts of millions.