ഐഎഎസ് ഉദ്യോഗസ്ഥരായ ബി.അശോകിന്‍റെയും എന്‍.പ്രശാന്തിന്‍റെയും സസ്പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവ് പുറത്തിറങ്ങി. വിമർശിച്ചതിന്‍റെ പേരിലെടുത്ത നടപടി അനാവശ്യമാണെന്നാണു സർക്കാർ നിലപാട്. പിണറായി വിജയന്‍ സര്‍ക്കാരുമായി യോജിച്ചുപോകാതിരുന്നതിന് നടപടി നേരിട്ട ഇരുവരേയും തിരിച്ചെടുക്കുന്നതിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഒരു നടപടി കൂടി തിരുത്തുകയാണ് യുഡിഎഫ്. 

അനന്തമായി നീളുന്ന സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ചീഫ് സെക്രട്ടറിക്ക് വിയോജിപ്പുണ്ടായിരുന്നു. താന്‍ വിരമിച്ച ശേഷമേ ഇരുവരെയും സര്‍വീസില്‍ പ്രവേശിപ്പിക്കാവൂ എന്നതായിരുന്നു ചീഫ് സെക്രട്ടറിയുടെ വാദം. എന്നാല്‍ ഇതു തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഇരുവരെയും തിരിച്ചെടുക്കാനുള്ള ഫയലില്‍ ഒപ്പിട്ടതും ഉത്തരവ് പുറത്തിറങ്ങിയതും.

ഇപ്പോഴത്തെ ചീഫ് സെക്രട്ടറി എ.ജയതിലക് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നപ്പോള്‍ വിമര്‍ശിച്ചതിനാണ് 2024 നവംബറില്‍ എന്‍.പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സര്‍ക്കാരിന്‍റെ നയങ്ങളെയും പ്രവര്‍ത്തനങ്ങളെയും വിമര്‍ശിച്ച് ലേഖനം എഴുതിയതിനായിരുന്നു ബി.അശോകിനെ ഈ വര്‍ഷം ഏപ്രില്‍ അവസാനം സസ്പെന്‍റ് ചെയ്തത്. പ്രശാന്തിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ വിരമിക്കും മുന്‍പ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഫയലില്‍ എഴുതിയിരുന്നെങ്കിലും ചീഫ് സെക്രട്ടറിയായി എത്തിയ ജയതിലക് അത് തിരുത്തി സസ്പെന്‍ഷന്‍ നീട്ടുകയായിരുന്നു. 

മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ അനുമതിയോടെയായിരുന്നു സസ്പെഷന്‍ അനന്തമായി നീട്ടിയത്. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും കെടിഡിഎഫ്സി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മാറ്റിയതിനെതിെരെ നിയമനടപടിക്ക് പോയി അനുകൂല ഉത്തരവ് നേടിയെടുത്തോടെയാണ് പിണറായി സര്‍ക്കാരുമായിള്ള പോര് മൂര്‍ച്ഛിക്കുന്നത്. ഒടുവില്‍ ലേഖനമെഴുതിയെന്ന പേരില്‍ സസ്പെന്‍റ് ചെയ്യുകയായിരുന്നു. ജയതിലക് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിക്കുന്നതിന് മുന്‍പ് സര്‍വീസിലേക്ക് തിരിച്ചെത്തുന്നത് ഇരുവര്‍ക്കും മധുരപ്രതികാരമാണ്.

ENGLISH SUMMARY:

The newly formed UDF government in Kerala has officially revoked the indefinite suspension of senior IAS officers B. Ashok and N. Prasanth, terming the previous administration's disciplinary actions unnecessary. Chief Minister V.D. Satheesan signed the reinstatement order, structurally overriding strong objections from Chief Secretary A. Jayathilak, who reportedly wanted the officers kept out of service until his retirement. Prasanth had been suspended in November 2024 for public remarks against Jayathilak, while Ashok faced action in April 2026 after publishing articles critical of the previous government's administrative policies. Although former Chief Secretary Sharada Muraleedharan had previously recommended lifting Prasanth's suspension, Jayathilak had actively extended it with the backing of then-CM Pinarayi Vijayan. Re-entering state service while their primary bureaucratic adversary is still holding the Chief Secretary's chair is being viewed within political circles as a historic and triumphant comeback for both bureaucrats.