sunny-joseph-brother-in-law-0606

ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങിയ മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവച്ചു. സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവാണ് ബെന്നി തോമസ്. പാര്‍ട്ടിക്ക് വിമര്‍ശനം കേള്‍ക്കേണ്ടിവന്ന സാഹചര്യത്തിലാണ് പദവി ഒഴിയുന്നതെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ രാജിക്കത്തില്‍ ബെന്നി തോമസ് വ്യക്തമാക്കി. 

വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സ്വന്തം സഹോദരി ഭര്‍ത്താവ് ബെന്നി തോമസിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച വിവാദത്തില്‍ ‌തിരുത്തല്‍ നടപടിയായി. പദവി രാജിവച്ച്  ബെന്നി തോമസ് മുഖ്യമന്ത്രി വി.ഡി.സതീശന് കത്തയച്ചു. അധികാരമേറ്റ ശേഷം സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആദ്യ വിവാദ ആരോപണങ്ങളില്‍ ഒന്നാണ് ബെന്നിയുടെ നിയമനം. 

നിയമനം വിവാദമാവുകയും പാര്‍ട്ടിക്ക് വിമര്‍ശനം നേരിടേണ്ടിവരികയും ചെയ്ത സാഹചര്യത്തില്‍ രാജിവയ്ക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. നേരത്തെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ബെന്നിയുടെ നിയമനത്തെ മന്ത്രി സണ്ണി ജോസഫ് ശക്തമായി പ്രതിരോധിച്ചിരുന്നു. നിയമനത്തിന് നിയമപരമായി തടസമില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ കൂടിയായ സണ്ണി ജോസഫ് വാദിച്ചിരുന്നു. 

ശനിയാഴ്ച കെ.പി.സി.സി നേതൃയോഗത്തില്‍ വിഷയം ഉയര്‍ന്നു. രണ്ടുതവണ ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ബെന്നി, ഡി.സി.സി സെക്രട്ടറിയും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പേരാവൂരില്‍ ചീഫ് ഏജന്ന്റുമായിരുന്നു. ബന്ധുവെന്ന നിലയില്‍ അല്ല നിയമനമെന്നും കഴിവും പരിചയസമ്പത്തും ഡി.സി.സി ശുപാര്‍ശ പരിഗണിച്ചുമാണെന്നും സണ്ണി ജോസഫ് യോഗത്തെ അറിയിച്ചു. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരിക്കെ മകനെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചതും സണ്ണി ജോസഫ് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, നേതൃയോഗത്തില്‍ ഉള്‍പ്പെടെ വിഷയം ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് രാജിവേണ്ടെന്ന നിലപാടില്‍ മാറ്റം വന്നതെന്നാണ് സൂചന. 

ENGLISH SUMMARY:

Benny Thomas, the Additional Private Secretary to Minister Sunny Joseph, has resigned amidst a political controversy regarding the appointment of the minister's brother-in-law. The resignation follows significant public and opposition outcry over the perceived nepotism in the appointment.