മലയാള സിനിമയില്‍ മറക്കാനാവാത്ത കഥാപാത്രങ്ങളാല്‍ തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചാണ് സലിം കുമാര്‍ വിട വാങ്ങിയിരിക്കുന്നത്. 'കല്യാണ രാമനി'ലെ 'പ്യാരി'യും 'കുഞ്ഞിക്കൂനനി'ലെ 'ചന്ദ്രനും' 'അണ്ണന്‍ തമ്പി'യിലെ 'എസ്.ഐ.ശ്യാമളനും' ഇന്നും മലയാളി മനസില്‍ മായാതെ കിടക്കുന്നു. ഈ കഥാപാത്രങ്ങളുടെ സൃഷ്ടാവ് തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം സലിമിനെ ഓര്‍ക്കുകയാണ്. പല സിനിമകള്‍ എഴുതുമ്പോഴും സലിം കുമാറിനെ മനസില്‍ കണ്ട് കഥാപാത്രങ്ങളെ സൃഷ്ടിക്കാറുണ്ടെന്ന് ബെന്നി പറഞ്ഞു. തിരക്കുകള്‍ മൂലം സലിം വേഷങ്ങള്‍ നിരസിച്ചാലും താന്‍ നിര്‍ബന്ധിച്ച് കൊണ്ടുവന്ന് അഭിനയിപ്പിച്ച ചിത്രങ്ങളും ബെന്നി മനോരമ ന്യൂസിനോട് പങ്കുവച്ചു.
'സലിമിന് മനസിൽ ആലോചിച്ച് തന്നെ ചില കഥാപാത്രങ്ങൾ നമ്മൾ എഴുതാറുണ്ട്. കാരണം അങ്ങനെ എഴുതുമ്പോൾ സലിമിന്റെ ശൈലിയിലുള്ള തമാശകളും സംഭാഷണങ്ങളും നമുക്ക് അറിയാതെ ലഭിച്ചു പോകുന്നുണ്ട്. സലിം ആ വേഷം ചെയ്തില്ലെങ്കിൽ തൃപ്തിയാവില്ല. പലപ്പോഴും ചില തിരക്കുകാരണം അല്ലെങ്കില്‍ വേറെ സിനിമയുടെ തിരക്കുകാരണം ഇല്ലെന്ന് പറഞ്ഞാൽ പോലും ഞാൻ അവനെ നിർബന്ധിക്കും. നിന്നെ കണ്ടിട്ട് എഴുതിയതാണ്, നീ തന്നെ ചെയ്താലേ ശരിയാകുകയുള്ളൂ എന്നുള്ള രീതിയിൽ പറഞ്ഞ് സലീമിനെ അതിലേക്ക് കൊണ്ടുവരാറുണ്ട്. പിന്നെ നിവൃത്തികേട് കൊണ്ട് മാത്രമാണ് പലതിലും സലിം ഇല്ലാതെ പോയിട്ടുള്ളത്.
'തൊമ്മനും മക്കളി'ലെ 'രാജാക്കണ്ണ്' സലിമിന് വേണ്ടി തന്നെ എഴുതിയതാണ്. അന്ന് സലിമിന് എന്തോ ഡേറ്റ് ക്ലാഷ് ഉണ്ടായിരുന്നു. ആ സമയത്ത് എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യണം എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. അവൻ ഏതോ ഒരു പടം വിട്ടിട്ടൊക്കെയാണ് അന്ന് 'തൊമ്മനും മക്കളും' ചെയ്തത്. പിന്നെ 'മേരിക്കുണ്ടൊരു കുഞ്ഞാടി'ലെ 'ലോനപ്പൻ' എന്ന ശവപ്പെട്ടി കച്ചവടക്കാരനും അവനെ മനസ്സിൽ കണ്ട് എഴുതിയതാണ്.
ഹാസ്യത്തിനോടൊപ്പം തന്നെ സെന്റിമെന്റ്സും നന്നായി വർക്ക് ഔട്ട് ചെയ്യുന്ന ആളാണ് സലിം. സാധാരണ നമുക്ക് ഒരു ആശയക്കുഴപ്പം വരാം. ഈ കോമഡി ചെയ്യുന്നവർക്ക് സീരിയസ് ആയിട്ടുള്ള സെന്റിമെന്റ്സ് ചെയ്യുമ്പോൾ അത് പാളിപ്പോകുമോ എന്നുള്ള ഒരു ഭയം വരാം. പക്ഷേ അതിനുള്ള വളരെ കഴിവുള്ള ഒരു വ്യക്തിയാണ് സലിം. അത് അവൻ പ്രൂവ് ചെയ്തിട്ടുണ്ട്. സെന്റിമെന്റ്സും ഇമോഷനും ഒക്കെ വളരെ ഗംഭീരമായിട്ട് തന്നെയാണ് സലിം ചെയ്തിട്ടുള്ളത്,' ബെന്നി പറഞ്ഞു.