വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് കേരള രാഷ്ട്രീയത്തെ ഉലച്ച മൂന്നാർ കയ്യേറ്റ ഒഴിപ്പിക്കൽ ദൗത്യവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകളുമായി മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. സുരേഷ് കുമാർ. ദൗത്യം അട്ടിമറിക്കാൻ ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലും ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നുവെന്ന് വ്യക്തമാക്കുന്ന സുരേഷ് കുമാറിന്റെ പുതിയ പുസ്തകം ഇന്ന് പ്രകാശനം ചെയ്യും.

അന്നത്തെ ദേവികുളം സബ് കളക്ടറും നിലവിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയുമായ രത്തൻ കേൽക്കറിനെതിരെയാണ് പുസ്തകത്തിൽ കടുത്ത വിമർശനമുള്ളത്.  മൂന്നാർ ദൗത്യം നിർത്തിവെക്കാൻ ഇടയാക്കിയ സി.പി.ഐ ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് പൊളിച്ച സംഭവുമായി ബന്ധപ്പെട്ടാണ് സുരേഷ് കുമാറിന്റെ ആരോപണം.

നാഷണൽ ഹൈവേ അധികൃതർ കെട്ടിടത്തിന്റെ സ്ലാബ് മാറ്റുന്നതുമായി ബന്ധപ്പെട്ട് അന്ന് വൈകുന്നേരം അഞ്ച് മണിക്ക് സബ് കളക്ടർ രത്തൻ കേൽക്കർ തന്നെ വിളിച്ചിരുന്നു. എന്നാൽ പൊളിക്കാൻ പോകുന്നത് സി.പി.ഐ ഓഫീസാണ് അല്ലെങ്കിൽ അതിനോട് ചേർന്ന കെട്ടിടമാണെന്ന വിവരം കേൽക്കർ തന്നിൽ നിന്ന് ബോധപൂർവ്വം മറച്ചുവെച്ചു.

ദൗത്യസംഘത്തിന്റെ തലവനായ തന്നോട് ഈ വിവരം പറയാതിരുന്നതിന് പിന്നിൽ മൂന്നാർ ദൗത്യം അട്ടിമറിക്കണമെന്ന ദുരുദ്ദേശ്യം ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നിരിക്കാം എന്ന് സുരേഷ് കുമാർ വിമർശിക്കുന്നു. മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനോട് തുടക്കം മുതൽ സി.പി.ഐക്ക് താല്പര്യമില്ലായിരുന്നുവെന്നും അഴിമതിക്ക് അവർ കൂട്ടുനിന്നുവെന്നും വി.എസ് മനസ്സിലാക്കിയിരുന്നുവെന്ന് സുരേഷ് കുമാർ പറയുന്നു. മൂന്നാറിലെ കയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വി.എസ് അന്ന് മന്ത്രിമാരായ ബിനോയ് വിശ്വത്തെയും കെ.പി രാജേന്ദ്രനെയും നിയോഗിച്ചിരുന്നു. 

എന്നാൽ അവർ അവിടെപ്പോയി വൻകിട കയ്യേറ്റങ്ങൾ കാണാതെ ചെറിയ ചില റിസോർട്ടുകൾ മാത്രം കണ്ട് വന്ന് ക്യാബിനറ്റിൽ ഒഴുക്കൻ റിപ്പോർട്ടാണ് നൽകിയത്. തുടർന്ന് പി.സി. ജോർജ് ആണ് വി.എസിനെ കണ്ട് യാഥാർത്ഥ്യം ബോധ്യപ്പെടുത്തിയത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരന്റെ റിപ്പോർട്ടുകൾ സി.പി.ഐക്ക് അനുകൂലമായിരുന്നുവെന്നും സുരേഷ് കുമാർ വെളിപ്പെടുത്തി.

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോട് സംസാരിച്ച ശേഷമാണ് ഈ പുസ്തകം എഴുതിയതെന്ന് സുരേഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. വിഎസിന്റെ തുടർഭരണം വരാതിരിക്കാൻ തോൽക്കുന്ന സ്ഥാനാർത്ഥികളെ പാർട്ടി നിർത്തിയെന്നു വിഎസ് പറഞ്ഞതായി സുരേഷ് കുമാർ വെളിപ്പെടുത്തി. വി എസ് മുഖ്യമന്ത്രി ആയിരിക്കെ  പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന ബാലഗോപാൽ ഫയലുകൾ എകെജി സെന്ററിലെ കടത്തിയിരുന്നുവെന്നും സുരേഷ് കുമാർ വെളിപ്പെടുത്തുന്നു. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്തുവെച്ച് ‘വിഎസിനൊപ്പം ഉള്ള എൻറെ ദിനങ്ങൾ’ എന്ന പുസ്തകം പ്രകാശനം ചെയ്യും.  

ENGLISH SUMMARY:

Munnar land encroachment revelations are at the forefront as former IAS officer K. Suresh Kumar releases his new book detailing attempts to thwart the eviction drive during the VS Achuthanandan government. The book highlights alleged deliberate efforts at both official and political levels to sabotage the mission, casting a critical eye on former Devikulam sub-collector Rathan Kaelkar.