ബി.അശോക് ഐഎഎസിന്‍റേയും എന്‍. പ്രശാന്തിന്റേയും സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഒപ്പിട്ടു. മുൻ സർക്കാരിനെയും ചീഫ് സെക്രട്ടറിയെയും വിമർശിച്ചതിന്‍റെ പേരിൽ ഇവർക്കെതിരെ എടുത്ത അച്ചടക്കനടപടി പുനഃപരിശോധിക്കാനുള്ള നടപടികളിലേക്ക് പുതിയ സർക്കാർ ചുമതലയേറ്റയുടന്‍ കടന്നിരുന്നു. വിമർശിച്ചതിന്‍റെ പേരിലെടുത്ത നടപടി അനാവശ്യമാണെന്നാണു സർക്കാർ നിലപാട്. സംസ്ഥാനത്ത് ഐഎഎസ്  ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുമ്പോൾ 2 പേർ പുറത്തുനിൽക്കുന്നത് ഉചിതമല്ലെന്നും വിലയിരുത്തിയിരുന്നു. 

ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ചതിന്റെ പേരിൽ ഒന്നര വർഷമായി സസ്പെൻഷനിലാണു പ്രശാന്ത്. പിണറായി വിജയനെയും മുൻ സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിമർശിച്ച് അഭിമുഖം നൽകിയതിനു പിന്നാലെ കഴിഞ്ഞ മാസമാണ് അശോകിനെ സസ്പെൻഡ് ചെയ്തത്.

2024 നവംബർ 11 മുതൽ പ്രശാന്ത് സസ്പെൻഷനിലാണ്. പിണറായി വിജയൻ രാജിവയ്ക്കുന്നതിനു തൊട്ടുമുൻപാണ് എന്‍.പ്രശാന്തിനെതിരെ ഒന്‍പതാംതവണ നടപടിയെടുത്തത്. എട്ടാമത്തെ സസ്പെൻഷൻ ഉത്തരവ് പുറപ്പ‌െടുവിച്ചതിന്റെ അടുത്ത ദിവസമായിരുന്നു ഇത്. ലോട്ടറി വിൽപനയെക്കുറിച്ച് ഒരു ഇംഗ്ലിഷ് പത്രത്തിൽ എഴുതിയ ലേഖനം അനുമതിയില്ലാതെയാണ് എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഒടുവിലെ നടപടി .

സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ രാഷ്ട്രീയനിഷ്പക്ഷത പാലിച്ചില്ലെന്നും വിശദ അന്വേഷണം ആവശ്യമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് സെക്രട്ടറി എ.ജയതിലകിനാണോ പരാജയപ്പെട്ട മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യമെന്ന് സമൂഹമാധ്യമത്തിലൂടെ ചോദിച്ചായിരുന്നു പ്രശാന്തിന്റെ പ്രതികരണം.

ENGLISH SUMMARY:

The Kerala government has revoked the suspensions of IAS officers B. Ashok and N. Prashant, with the Chief Minister approving the decision. The new administration reviewed the disciplinary action taken against the officers for criticizing the previous government and senior officials. The move comes amid a shortage of IAS officers in the state and signals a shift in the government's approach toward the controversial suspensions.