കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവ് കാരണമാണ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്ന റീജിത്തിന്‍റെ രണ്ട് വൃക്കകളിലും കല്ലുണ്ടായിരുന്നുവെന്ന് ചികിത്സാ രേഖ. വലതുവശത്തെ വൃക്ക കൂടുതല്‍ മോശമായതുകൊണ്ടാണ് ആദ്യം ശസ്ത്രക്രിയ ചെയ്തതെന്നും രേഖയില്‍ പറയുന്നു. രേഖയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. ഇടതുവശത്തെ വൃക്കയ്ക്ക് പകരം വലതുവശത്തെ വൃക്കയില്‍ ശസ്ത്രക്രിയ ചെയ്തതാണ് മരണത്തിന് കാരണമെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
2025 ഓഗസ്റ്റ് ആറിനാണ് വാണിമേല്‍ സ്വദേശി റീജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആദ്യമായി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നത്. മെഡിക്കല്‍ കോളജില്‍ എത്തുമ്പോള്‍ തന്നെ റീജിത്തിന്‍റെ രണ്ടുവൃക്കകളിലും കല്ലുണ്ടെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ചികിത്സാരേഖ. വലതുഭാഗത്തേത് മോശം അവസ്ഥയിലായതിനാലാണ് ആദ്യം അവിടെ ശസ്ത്രക്രിയ നടത്തിയത്. ഇടതുവശത്തേക്കാള്‍ കൂടുതല്‍ കല്ല് വലതുഭാഗത്തായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം റീജിത്തിനെ ഡയാലിസിസിന് വിധേയമാക്കിയെന്നും ചികിത്സാരേഖയില്‍ വ്യക്തമാണ്. റീജിത്തിന്‍റെ ആരോഗ്യനില തൃപ്തികരമായതിന് പിന്നാലെ ഓഗസ്റ്റ് 22ന് ആശുപത്രി വിട്ടു.എന്നാല്‍ ചികിത്സാപ്പിഴവെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. ഇരുവൃക്കകളിലും കല്ലുള്ളതായി അറിയിച്ചിരുന്നില്ലെന്നും കുടുംബം പറയുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുകള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം നാദാപുരം വാണിമേലില്‍ എത്തിച്ച് സംസ്കരിച്ചു. പിഴവുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ പ്രത്യേക മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തി. രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിഎംഇ നിര്‍ദേശം നല്‍കിയിട്ടുണ്ട്.