ബവ്കോ സി.എം.ഡി സ്ഥാനത്ത് നിന്ന് മാറ്റുമെന്ന എക്സൈസ് മന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാതെ എ.ഡി.ജി.പി എം.ആർ.അജിത് കുമാർ. അവധിക്ക് സമാനമായ രീതിയിൽ വിട്ടുനിൽക്കുന്ന അജിത് കുമാർ ജീവനക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പരിഹാരം കാണുന്നില്ലെന്നാണ് പരാതി. കഴിഞ്ഞദിവസം മന്ത്രി പങ്കെടുത്ത ബവ്കോ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലും അജിത് കുമാർ നിർദേശങ്ങളൊന്നുമില്ലാതെ അകലം പാലിച്ചു. സർക്കാർ ബ്രാൻഡ് ജവാൻ റമ്മിന്‍റെ ഉൽപാദനം വിവിധ കാരണങ്ങളാൽ നിർത്തേണ്ടി വരുമെന്ന പ്ലാന്‍റ് മാനേജരുടെ കത്തിലും തുടർനടപടിയില്ല. 

പദവിയൊഴിയേണ്ടി വരുമെന്ന് ഉറപ്പിച്ചതിന് പിന്നാലെയാണ് എം.ആർ. അജിത് കുമാറിന്‍റെ മെല്ലെപ്പോക്ക്. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ബവ്കോ ആസ്ഥാനത്ത് എത്തുന്ന അജിത് കുമാർ ദൈനംദിന കാര്യങ്ങളിൽ ഉൾപ്പെടെ ഇടപെടാതെയായി. മറ്റ് ജീവനക്കാർക്ക് ഉത്തരവാദിത്തം നൽകാനും തയാറല്ലെന്നാണ് വിവരം. ഇതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സർക്കാരിന്റെ സ്വന്തം ബ്രാൻഡ് മദ്യമായ ജവാൻ റം നിർമാണത്തിലെ പ്രതിസന്ധി. 

ജവാൻ റം ലീറ്റർ ബോട്ടിൽ മദ്യം വിപണിയിൽ നിന്ന് അപത്യക്ഷമായിട്ട് മാസങ്ങളായി. ഫുൾ ബോട്ടിൽ ജവാനും ബവ്കോയുടെ അപൂർവം വിൽപന കേന്ദ്രങ്ങളിൽ മാത്രമാണ് ലഭിക്കുന്നത്. നിർമാണ പ്രതിസന്ധി നീക്കണമന്ന് ആവശ്യപ്പെട്ട് തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിന്‍റെ മാനേജർ കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് എം.ഡിക്ക് കത്തയച്ചത്. യാതൊരു ഇടപെടലുമുണ്ടായില്ല. ഇന്ധന വിലവർധന ഉൾപ്പെടെയുള്ള പ്രതിസന്ധി കാരണം നിർമാണ സാധനങ്ങൾ കൃത്യമായി കരാറുകാരൻ എത്തിക്കുന്നില്ലെന്നായിരുന്നു ഉള്ളടക്കം. 

ഈ മട്ടിലാണെങ്കിൽ ഒരാഴ്ച കഴിയുമ്പോൾ ജവാൻ റം നിർമാണം നിർത്തേണ്ടി വരുമെന്നും കത്തിലുണ്ട്. മറുപടിയുമില്ല, നടപടിയുമില്ല. എക്സൈസ് മന്ത്രി എം.ലിജുവിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ബവ്കോ ആസ്ഥാനത്ത് ചേർന്ന യോഗത്തിലും അജിത് കുമാറിന് നിർദേശങ്ങളുണ്ടായിരുന്നില്ല. ബവ്കോ സി.എം.ഡി പദവിക്ക് മാറ്റമുണ്ടാകുമെന്ന് മന്ത്രി ഓർമപ്പെടുത്തുകയും ചെയ്തു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ, ബവ്കോ ചില്ലറ വിൽപ്പനശാലകളുടെ പ്രവർത്തനം തുടങ്ങിയ കാര്യങ്ങൾ പൂർണമായും മുടങ്ങിയ സ്ഥിതിയാണ്.

ENGLISH SUMMARY:

Beverages Corporation (BEVCO) is facing a severe operational crisis as CMD and ADGP M.R. Ajith Kumar has reportedly distanced himself from daily administrative duties following a transfer warning from Excise Minister M. Liju. Kumar’s deliberate slowdown has brought key decision-making to a standstill, with the officer refusing to delegate responsibilities or address essential employee welfare issues. The most critical fallout of this administrative deadlock is the imminent shutdown of the government's highly popular in-house brand, Jawan Rum. Despite four urgent letters from the Travancore Sugars and Chemicals plant manager warning that production would cease within a week due to supply chain disruptions, no corporate action has been initiated by the CMD. This ongoing non-cooperation was highly visible during a recent high-level institutional review meeting led by Minister Liju, where Kumar reportedly remained detached, offering no strategic directives for the state-run corporation.