സ്കൂള്‍ തുറന്നതിന് പിന്നാലെ കാലവര്‍ഷവും സജീവമായതോടെ മഴ അവധി ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍മാരുടെ ഫെയ്സ്ബുക്ക് പേജുകളില്‍ കമന്‍റ് പൂരം. പെരുമഴയത്ത് പുറത്തിറങ്ങാന്‍ പറ്റുന്നില്ലെന്നും, ഒരു അവധി തരുമോ എന്നുമെല്ലാം എറണാകുളം, തൃശൂര്‍ കലക്ടര്‍മാരുടെ പേജുകളില്‍ ആളുകള്‍ കമന്‍റ് ചെയ്തിട്ടുണ്ട്. 'മഴയാണേ, അവധി തരുമോ, മറ്റേ കലക്ടര്‍ അവധി തരുമായിരുന്നു' എന്ന് കമന്‍റ് ചെയ്തിട്ടുള്ളവരും കുറവല്ല.
ജില്ലയിലെ വിവിധ സ്ഥലങ്ങളുടെ പേരും മഴ തുടങ്ങിയ സമയവും പറഞ്ഞാണ് പലരും അവധി അഭ്യര്‍ഥനയുമായെത്തിയിരിക്കുന്നത്. അതേസമയം ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകളിലെങ്ങും ഇതുവരെയും ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ല. മഴയുടെ തീവ്രതയും പ്രാദേശിക സാഹചര്യങ്ങളും വിലയിരുത്തി അതത് ജില്ലാ കളക്ടർമാരാണ് അവധിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ പോലെ പ്രവർത്തിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
സംസ്ഥാനത്ത് രാവിലെ മുതല്‍ ആരംഭിച്ച ശക്തമായ മഴ തുടരുകയാണ്. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറു ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ പെയ്യുമെന്നും ഇടിമിന്നല്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പും വ്യക്തമാക്കുന്നു.