സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. ശക്തമായ മഴ തുടരുന്നു. കനത്തമഴയില്‍ നിയന്ത്രണംതെറ്റി മലപ്പുറം തേഞ്ഞിപ്പലത്ത് കാര്‍ ലോറിയിലിടിച്ച് മൂന്നുപേര്‍ മരിച്ചു. ചാലിയാറില്‍ മീന്‍പിടിക്കാന്‍പോയ യുവാവ് മുങ്ങിമരിച്ചു. തൃശൂര്‍ വെള്ളാങ്കല്ലൂരില്‍ മരം വീണ് സ്കൂട്ടര്‍ യാത്രികന്‍ മരിച്ചു. എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറു ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു . 

 

മഴയ്ക്കിടെ കാര്‍ നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ ദമ്പതികളുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. തൃശൂര്‍ പന്നിത്തടം സ്വദേശികളായ ഷഹീദ്,ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്.  മലപ്പുറം ചാലിയാറില്‍ മീന്‍ പിടിക്കാന്‍ പോയ എടവണ്ണ പൂവമണ്ണ് സ്വദേശി ഷാഹിന്‍ മുങ്ങിമരിച്ചു. തൃശൂര്‍ വെള്ളാങ്കല്ലൂരില്‍ മരംവീണ് സ്കൂട്ടര്‍ യാത്രികന്‍ കാരുമാത്ര സ്വദേശി മണികണ്ഠന്‍ ശാന്തി മരിച്ചു. കോഴിക്കോട് പെരിങ്ങളത്തിന് സമീപം കോട്ടാംപറമ്പിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. 82 കാരി ജാനകി ആണ് മരിച്ചത്. ഡ്രൈവർക്ക് നിസാര പരുക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വളവ് കഴിഞ്ഞുവന്ന ആംബുലന്‍സ് പലതവണ കീഴേമേല്‍ മറിഞ്ഞു. മഴ കാരണം നിയന്ത്രണം നഷ്ടപ്പെട്ടതാണെന്ന് ഡ്രൈവര്‍ പറഞ്ഞു. കനത്ത കാറ്റിലും മഴയിലും കോഴിക്കോട് എസ് എം സ്ട്രീറ്റിലെ കടകളുടെ മേല്‍ക്കൂര പറന്നുപോയി. കിഡ്സണ്‍ കോര്‍ണറില്‍ കാറിന് മുകളില്‍ മതില്‍ ഇടിഞ്ഞുവീണു. ചിന്തവളപ്പില്‍ ഓട്ടോയ്ക്ക് മുകളില്‍ മരം കടപുഴകി വീണു. മാനാഞ്ചിറയില്‍ കോം ട്രസ്റ്റ് കെട്ടിടത്തിന്‍റെ ചുറ്റുമതില്‍ കാറിന് മുകളിലേയ്ക്ക് ഇടിഞ്ഞുവീണു. 

 

Also Read: 'അവധി തരുമോ? നല്ല മഴയാ'; കലക്ടര്‍മാരുടെ പേജുകളില്‍ കമന്‍റ് മഴ


കോട്ടയം അതിരമ്പുഴയില്‍ മഴയെ തുടർന്ന് രാത്രി 12 മണിയോടെ വീടിന്റെ മേൽക്കൂര തകർന്നു വീണു. അമ്മയ്ക്കും മക്കള്‍ക്കും നേരിയ പരുക്കേറ്റു. എറണാകുളം മുതൽ കാസർകോടു വരെ ഓറഞ്ച് അലർട്ടും തിരുവനന്തപുരം മുതൽ ഇടുക്കി വരെ ആറു ജില്ലകളിൽ യെലോ അലർട്ടും നിലവിലുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. വരുന്ന മൂന്നു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്

 

കൊച്ചി തൃപ്പൂണിത്തുറ ഇടംപാടത്ത് കനത്ത മഴയെത്തുടർന്ന് ജനവാസ മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു. സ്വകാര്യ വ്യക്തി സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് മതിൽ കെട്ടിയതാണ് എട്ടോളം വീടുകൾ വെള്ളത്തിനടിയിലാകാൻ കാരണം. അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപവുമായി നാട്ടുകാര്‍ രംഗത്തെത്തി. കഴിഞ്ഞ നാല് ദിവസമായി ഇടംപാടത്തെ എട്ടോളം കുടുംബങ്ങൾ പൂർണ്ണമായും വെള്ളത്തിലാണ്. വീടുകൾക്കുള്ളിലേക്ക് വെള്ളം കയറിയതോടെ കടുത്ത ദുരിതത്തിലാണ് ഈ മനുഷ്യർ. പലർക്കും വീട്ടിൽ ഭക്ഷണം പോലും ഉണ്ടാക്കാൻ കഴിയാത്ത സാഹചര്യം. 

ഒഴുക്കിപ്പോകാൻ ഇടമില്ലാതെ വന്നതോടെ പല വീടുകൾക്ക് ചുറ്റും മഴവെള്ളം കെട്ടിക്കിടക്കുകയാണ്. എന്നാൽ, ഇത്രയും വലിയ ദുരിതം അനുഭവിച്ചിട്ടും അധികൃതർ ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

 

ഒരു വർഷം മുമ്പ് സ്ഥലം വാങ്ങുമ്പോൾ തന്നെ പൈപ്പ് മൂടിയ അവസ്ഥയിലായിരുന്നു എന്നാണ് വസ്തുവിന്റെ നിലവിലെ ഉടമസ്ഥൻ പറയുന്നത്. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ ജില്ലാ കളക്ടരുടെ നേതൃത്വത്തിൽ യോഗം വിളിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Kerala monsoon heavy rain has caused widespread flooding and fatalities across the state. The severe weather conditions have led to extensive damage to homes and infrastructure, with multiple districts under red and yellow alerts.