സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ പോർട്ടലിൽ വീണ്ടും തകരാറെന്ന് വിദ്യാർഥികൾ. ലോഗിൻ ചെയ്യാനും ഫീസടയ്ക്കാനും കഴിയുന്നില്ല. ഫലം വൈകിയാല്‍ തുടര്‍പഠനം സാധ്യമാകുമോ എന്നും ആശങ്ക. പ്രശ്നം വിശദീകരിച്ച് ഡയറക്ട് മെസ്സേജ് അയച്ചാൽ  പരിഹാരം കാണുമെന്നും ഇന്നലെ വരെ ലഭിച്ചത് 70,433 അപേക്ഷകളാണെന്നുമാണ് CBSE യുടെ മറുപടി. മൂല്യനിർണയ കരാറിൽ 10 കോടിയുടെ അഴിമതി നടന്നെന്നും കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും കോൺഗ്രസ് ആവർത്തിച്ചു. 

പുനർമൂല്യനിർണയത്തിന് അപേക്ഷ നല്‍കാന്‍ ഒരു ദിവസം മാത്രം. പോര്‍ട്ടലില്‍ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ വെരിഫിക്കേഷൻ ഫെയിൽഡ് സന്ദേശമാണ് ലഭിക്കുന്നതെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. സ്ക്രീൻ ഫ്രീസ് ആകുന്നു. പണമടക്കാനാകുന്നില്ല, ചില ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയിട്ടില്ല, ശരിയായ ഉത്തരങ്ങൾക്ക് തെറ്റായ മാർക്ക് നൽകി ഇങ്ങനെ പോകുന്നു പരാതികള്‍. പോർട്ടലിൽ പരാതികൾ ഉന്നയിക്കാൻ മാര്‍ഗമില്ല എന്നും വിദ്യാര്‍ഥികൾ ചൂണ്ടിക്കാട്ടുന്നു. 

ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി വഴിയുള്ള IIT, NIT പ്രവേശന കൗൺസിലിംഗ് നടപടികൾ ആരംഭിച്ചിരിക്കെ, പുതുക്കിയ മാർക്ക് ലിസ്റ്റ് ലഭിക്കാൻ വൈകുന്നത് പ്രവേശനത്തെ ബാധിക്കുമോ എന്നാണ് വിദ്യാര്‍ഥികളുടെ ആശങ്ക. പ്രശ്നം വിശദീകരിച്ച് ഡയറക്ട് മെസ്സേജ് അയച്ചാല്‍ പരിഹാരം കാണുമെന്നാണ് CBSEയുടെ മറുപടി. സൈബര്‍ ആക്രമണ ശ്രമങ്ങളെ പരാജയപ്പെടുത്തി സാങ്കേതിക പ്രശ്നങ്ങളില്ലാതെ പോർട്ടൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് സിബിഎസ്ഇ ആവര്‍ത്തിക്കുന്നത്. OSM സംവിധാനം ഒരുക്കിയ കോംപ്റ്റ് എഡ്യൂ ടെക് എന്ന സ്വകാര്യ ഏജൻസി പ്ലാറ്റ്‌ഫോമിനെ പുനർമൂല്യനിർണ്ണയത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രവേശന മാനദണ്ഡങ്ങളിൽ ഇളവ് നൽകാനാവില്ലെങ്കിലും വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാൻ സിബിഎസ്ഇയുമായി ചര്‍ച്ചയിലാണെന്നും ജെഇഇ അഡ്വാൻസ്ഡ് സംഘാടകരായ ഐഐടി റൂർക്കി വ്യക്തമാക്കി.

ENGLISH SUMMARY:

CBSE 12th revaluation portal is experiencing technical glitches, preventing students from logging in and submitting fees, leading to concerns about future studies and admission processes.