auto-thrissur-rescue-news

TOPICS COVERED

വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇലക്ട്രിക് ഓട്ടോ പെട്ടെന്ന് മുന്നോട്ടോടുക. ഓട്ടോയിലുണ്ടായിരുന്ന മൂന്നര വയസ്സുകാരിയുമായി തൊട്ടടുത്തുള്ള കിണറ്റില്‍ വീഴുക. ഒടുവില്‍ സാഹസികമായി ആ കുഞ്ഞിനെ രക്ഷിക്കുക. അവിശ്വസനീയമായിരുന്നു തൃശൂര്‍ മരത്തംകോട്ടില്‍ സംഭവിച്ചതെല്ലാം.

ഇലക്ട്രിക് ഓട്ടോറിക്ഷ മുറ്റത്ത് ഓണ്‍ ചെയ്തിട്ട് ഭക്ഷണം കഴിക്കാന്‍ മുത്തച്ഛന്‍ അകത്തേക്ക് പോയ സമയമാണ് മൂന്നര വയസ്സുകാരി എല്‍സി കളിക്കാനായി ഓട്ടോയില്‍ കയറിയത്. കുഞ്ഞിന്റെ കൈതട്ടി ഓട്ടോ സ്റ്റാര്‍ട്ട് ആയി നേരെ മുന്നിലുള്ള കിണറ്റിലേക്ക് വീണു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ പാഞ്ഞെത്തി. കുഞ്ഞ് പകുതി വെള്ളത്തിലും പകുതി ഓട്ടോയുടെ കമ്പിയിലുമായി കുടുങ്ങിക്കിടക്കുകയായിരുന്നു. ബഹളം കേട്ട് എവിടെനിന്നോ ഓടിയെത്തിയ ഒരാള്‍ കിണറിലേക്ക് എടുത്തുചാടി. 10 മിനിറ്റിനുള്ളില്‍ തന്നെ കുഞ്ഞുമായി മുകളിലേക്ക് എത്തി. കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയില്‍ കാര്യമായ പരുക്കില്ലെന്ന് വ്യക്തമായി.

കുട്ടിയെ ആശുപത്രിയിലെത്തിക്കാനുള്ള തിരക്കില്‍ രക്ഷകനായെത്തിയയാളെ ആരും ഓര്‍ത്തില്ല. കുഞ്ഞ് സുരക്ഷിതയാണെന്നറിഞ്ഞപ്പോഴേക്കും അയാള്‍ പൊയ്ക്കഴിഞ്ഞിരുന്നു. ആരാണയാളെന്ന് അന്വേഷണമായി. കണ്ടുപരിചയമുണ്ട്. പക്ഷേ പേരറിയില്ല. ഒടുവില്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി അറിയാന്‍ അയാള്‍ തന്നെ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ക്കും സന്തോഷം. പേര് മോഹനന്‍, തൊഴില്‍ മരംവെട്ട്. മോഹനനെ കണ്ട് ആദ്യം ഓടിയെത്തിയത് കുഞ്ഞിന്റെ മുത്തശ്ശിയാണ്. തൊഴുകൈകളോടെ അവര്‍ നന്ദി പറഞ്ഞു. പിന്നെ കണ്ടുനിന്നവരോരുത്തരും.

ക്രെയിന്‍  കൊണ്ടുവന്ന് ഓട്ടോറിക്ഷയും പുറത്തെത്തിച്ചതിനുശേഷമാണ് പിന്നീട് മോഹനന്‍ മടങ്ങിയത്. എന്തായാലും മുന്നും പിന്നും നോക്കാതെ കുഞ്ഞിനെ രക്ഷിക്കാന്‍ കിണറ്റിലേക്കിറങ്ങിയ മോഹനനാണിപ്പോള്‍ ഈ നാടിന്റെ ഹീറോ. മരത്തംകോട് സ്വദേശികളായ ബിന്നി-സീമ ദമ്പതികളുടെ മകളാണ് എല്‍സി.

ENGLISH SUMMARY:

In a miraculous escape, a three-and-a-half-year-old girl named Elsie survived after the electric autorickshaw she was playing in accidentally started and plunged into a backyard well in Marathamcode, Thrissur. The incident occurred when the child's grandfather left the e-autorickshaw switched on in the courtyard while he went inside to eat. Elsie's accidental touch activated the vehicle, driving it straight into the open well. Hearing the commotion, Mohanan, a local tree cutter, rushed to the spot and heroically leapt into the well. Within ten minutes, he successfully rescued the child, who was trapped between the vehicle's frame and the water. Elsie was rushed to the hospital and was found to be unharmed. The humble rescuer slipped away unnoticed during the chaos, only to return later to check on the child's health, where he was warmly thanked and hailed as a hero by the family and local community.