rikshaw-well

തൃശൂര്‍ കുന്നംകുളത്ത് നാല് വയസ്സുകാരി ഇരുന്ന ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞ് അപകടം. കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ ഓട്ടത്തിനിടെ വീട്ടില്‍ ഉച്ചഭക്ഷണം കഴിക്കാനെത്തിയതായിരുന്നു കുട്ടിയുടെ മുത്തച്ഛന്‍. അകത്തേക്ക് പോകവെ താക്കോല്‍ ഇലക്ട്രിക്ക് ഓട്ടോയില്‍ തന്നെ വച്ച് അകത്തുകയറി. ഇതിനിടെ നാലുവയസുകാരി ഓട്ടോയില്‍ കയറി കളിക്കുകയും അബദ്ധത്തില്‍ ഓട്ടോ ഓണായി മുന്നോട്ടുനീങ്ങുകയുമായിരുന്നു.

മതില്‍ തകര്‍ത്ത് മുന്നോട്ടുനീങ്ങിയ ഓട്ടോറിക്ഷ നാലുവയസുകാരിയോടൊപ്പം കിണറ്റിലേക്ക് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ക്ക് കാര്യം ആദ്യം വ്യക്തമായില്ലെങ്കിലും പിന്നീട് ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞതാണെന്ന് ബോധ്യപ്പെടുകയായിരുന്നു. കുട്ടി ഓട്ടോറിക്ഷയില്‍ ഉണ്ടെന്ന് ഉടന്‍ ബോധ്യപ്പെട്ടു. 

വീട്ടുകാരുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസിയുടെ ഇടപെടലാണ് കുഞ്ഞിന്‍റെ ജീവന്‍ രക്ഷിച്ചത്. മരംവെട്ടുകാരന്‍ കൂടിയായ അയല്‍വാസി അതിസാഹസികമായി കിണറ്റിലിറങ്ങുകയും കുഞ്ഞിനെ എടുത്ത് തിരിച്ചുകയറുകയുമായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കാര്യമായ പരുക്കുകളൊന്നുമില്ലാതെ കുട്ടി സുരക്ഷിതയാണ്. 

ENGLISH SUMMARY:

A four-year-old girl was miraculously saved after the electric auto she was playing in fell into a well in Kunnamkulam, Thrissur. Neighbors and local heroes played a vital role in the dramatic rescue, ensuring the child sustained no serious injuries.