തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിറകെ നൂറുകണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ മാനദണ്ഡം ലംഘിച്ച് സ്ഥലംമാറ്റിയെന്ന് പ്രതിപക്ഷം നിയമസഭയില്‍. അധികാരത്തിന്‍റെ ഇടനാഴികളില്‍ പവര്‍ബ്രോക്കര്‍മാരും ദല്ലാള്‍മാരും ഇടം പിടിക്കാന്‍ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്  പിണറായി വിജയന്‍ ആരോപിച്ചു.  മന്ത്രി സണ്ണിജോസഫിന്‍റെ ബന്ധുവിനെ പേഴ്സണല്‍സ്റ്റാഫില്‍ നിയമിച്ചത് വി.ജോയി ഉന്നയിച്ചെങ്കിലും മന്ത്രി മറുപടി പറഞ്ഞില്ല. 

മേയ് നാലിന് തിരഞ്ഞെടുപ്പ്ഫലം വന്നതിന്‍റെയും 18ന് പുതിയ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതിന്‍റെയും ഇടവേളയില്‍ സര്‍ക്കാര്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയെന്ന ഗുരുതര ആരോപണമാണ് പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയത്. ഭരണാനുകൂല സംഘടനാനേതാക്കളുടെ കത്തുകള്‍ക്കും ഭീഷണിക്കും മുന്നില്‍ വഴങ്ങിയാണ് സ്ഥലംമാറ്റങ്ങളുണ്ടായതെന്ന് വി.ജോയി അടിയന്തര പ്രമേയ നോട്ടിസിലൂടെ പറഞ്ഞു.  

എന്നാല്‍ പുതിയ സര്‍ക്കാര്‍ വരുമ്പോഴുണ്ടാകുന്ന  മാറ്റങ്ങളാണെന്നും ഏതെങ്കിലും ജീവനക്കാര്‍ക്ക് പരാതിയുണ്ടെങ്കില്‍ അനുഭവപൂര്‍വ്വം പരിഗണിക്കുമെന്നും പാര്‍ലമെന്‍ററികാര്യമന്ത്രി പറഞ്ഞു.അധികാരത്തിന്‍റെ ഇടനാഴിയിലെ അപകടങ്ങള്‍ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വാക്കുകള്‍.

സണ്ണി ജോസഫിന്‍റെ പേഴ്സണല്‍സ്റ്റാഫിലെ ബന്ധു നിയമനവും പ്രതിപക്ഷം ആയുധമാക്കി. എന്നാല്‍ മന്ത്രി ഇതെകുറിച്ച് പ്രതികരിച്ചില്ല. അടിയന്തര പ്രമേയം സഭനിറുത്തിവെച്ച് ചര്‍ച്ചചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി

ENGLISH SUMMARY:

Kerala government transfers are under scrutiny following allegations by the opposition during an assembly session. The opposition claims hundreds of government employees were transferred violating norms after election results, with concerns raised about power brokers influencing appointments.