wave-rider-buoy-2

തിരുവനന്തപുരത്ത് കടലില്‍ വിഴിഞ്ഞം തീരത്ത് കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം  തിരമാല നിരീക്ഷണ യന്ത്രം (വേവ് റൈഡർ ബോയ) സ്ഥാപിച്ചു. മഞ്ഞനിറത്തിലുള്ള ഗോളാകൃതിയിലുള്ള വസ്തുവായിട്ടാണ് ഇത്  കാണപ്പെടുന്നത്. വിഴിഞ്ഞം അന്തർദേശീയ തുറമുഖത്തിലെ നിലവിലുള്ള ബ്രേക്ക്‌വാട്ടറിന്റെ അഗ്രഭാഗത്തിൽ നിന്ന് ഏകദേശം ഒരു  കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് ദിശയിലാണ് വേവ് റൈഡർ ബോയ സ്ഥാപിച്ചത്. കടലിലെ തിരകളുടെയും കടലിന്‍റെയും സ്വഭാവം മനസിലാക്കുന്നതിനാണ് ബോയ സ്ഥാപിച്ചത്.

സമുദ്ര പ്രവചനം കൂടുതൽ കൃത്യമായി നിർണ്ണയിക്കാനും മല്‍സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സഹായകരമാവുന്നതാണിത്. കടല്‍ തീരത്തിനടുത്ത് ആദ്യമായിട്ടാണ് ബോയ സ്ഥാപിക്കുന്നത്. സമുദ്ര പ്രവചനം കൂടുതൽ കൃത്യമായി നിർണ്ണയിക്കാനും മുന്നറിയിപ്പുകൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് നടത്തുന്ന അക്കാദമിക് ഗവേഷണ പദ്ധതിയുടെ ഭാഗമായി ഈ ഉപകരണം സ്ഥാപിച്ചിരിക്കുന്നത്. ഹൈദരാബാദ് INCOIS ( ഇന്ത്യന്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്) ആണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. 

നശിപ്പിക്കരുത്, കേസാവും

ജിപിഎസ് ബന്ധിപ്പിച്ചിരിക്കുന്ന ഈ ഉപകരണം മല്‍സ്യതൊഴിലാളികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. നേരത്തെ ഇതേ പോലെ സ്ഥാപിച്ചിരുന്ന വേവ് റൈഡർ ബോയ ആളുകള്‍ മുറിച്ചെടുത്തു കൊണ്ട പോയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ജിപിഎസ് സിഗ്നല്‍ പിന്‍തുടര്‍ന്ന്  പൊലീസിന്‍റെ സഹായത്തോടെയാണ് കണ്ടെത്തിയത്. ഈ ഉപകരണത്തിലൂടെ സമാഹരിക്കുന്ന വിവരങ്ങൾ ചുഴലിക്കാറ്റുകൾ, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുടെ പ്രവചന പഠനങ്ങൾക്ക് സഹായകരമാകും.

സമുദ്രാവസ്ഥകൾ കൂടുതൽ കൃത്യമായി മുൻകൂട്ടി അറിയാനും പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുമാവും. ഇത് നശിപ്പിക്കപ്പെടാതിരിക്കാന്‍ ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന എല്ലാ മത്സ്യബന്ധന വള്ളങ്ങളും വ്യക്തികളും പരമാവധി ജാഗ്രത പാലിക്കണമെന്ന് സമുദ്ര ഗവേഷണ കേന്ദ്രം അഭ്യർഥിക്കുന്നു. ഉപകരണത്തിൽ ഉദ്ദേശപൂർവ്വം കേടുപാടുകൾ വരുത്തുകയോ ഇടപെടലുകൾ നടത്തുകയോ ചെയ്യുന്നതു നിയമപരമായി ശിക്ഷാർഹമാണ്.

ENGLISH SUMMARY:

A Wave Rider Buoy has been installed off the Vizhinjam coast in Thiruvananthapuram to monitor sea conditions, improve marine forecasting, and strengthen early warning systems for cyclones and tsunamis. The GPS-enabled device, deployed by INCOIS, will help enhance fisherman safety and provide more accurate ocean data. Authorities have urged the public and fishing communities not to damage the equipment, warning that tampering with it is punishable by law.