സ്കൂളുകളില്‍ ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും, നടപ്പാക്കാൻ ശ്രമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞതിന് പിന്നാലെ വിയോജിപ്പുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത്. കളർ ഡ്രസ്സ് ഒരു ദിവസത്തേയ്ക്ക് ആണെങ്കിലും സ്കൂളുകളിൽ ഒഴിവാക്കണമെന്ന് പ്രവീണ്‍ കിളിമാനൂര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആ ഒരു ദിവസത്തേയ്ക്ക് ആണെങ്കിൽ കൂടി ഒരു സാമ്പത്തിക അസമത്വം ഇക്കാര്യത്തിൽ ഉണ്ടാകും എന്നത് തീർച്ചയാണ്. കാശുള്ള വീട്ടിലെ കുട്ടികൾ വിലകൂടിയ ഡ്രസ്സ് ധരിച്ച് വരുമ്പോൾ അതിന് സാധ്യമാകാത്ത പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് ഉള്ളിന്റെയുള്ളിൽ ഒരു വേദന ഉണ്ടാകാൻ ഇടയുണ്ട്. കുട്ടികളല്ലേ... അത് പോലും അവരെ മാനസിക സംഘർഷത്തിലേക്ക് നയിച്ചേക്കാം.– അദ്ദേഹം കുറിച്ചു.
സ്കൂൾ യൂണിഫോം മാറ്റരുതെന്നും സമത്വത്തിന്റെ കവചം അഴിക്കരുതെന്നും ഡോ. ആഷ ഉല്ലാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം പറയുന്നത് ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് ഇഷ്ടമുള്ള കളർ ഡ്രസ്സ് ധരിച്ച് സ്കൂളിൽ വരാം എന്നാണ്. കേൾക്കുമ്പോൾ ആധുനികം. സ്വാതന്ത്ര്യം. സന്തോഷം. പക്ഷേ ഈ തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് നമ്മൾ ഒരു ചോദ്യം ചോദിക്കണം. സ്കൂളുകളിൽ യൂണിഫോം എന്ന സംവിധാനം എന്തിന് കൊണ്ടുവന്നു. അതിന്റെ ലക്ഷ്യം എന്തായിരുന്നു.സമത്വം തന്നെ ആയിരുന്നു
ഒരു ക്ലാസ് മുറിയിൽ നാല്പത് കുട്ടികൾ ഇരിക്കുന്നു. ഒരാളുടെ വീട്ടിൽ മാസം ഒരു ലക്ഷം രൂപ വരുമാനം ഉണ്ട്. മറ്റൊരാളുടെ വീട്ടിൽ അച്ഛൻ ദിവസക്കൂലിക്ക് പോകുന്നു. യൂണിഫോം ഉള്ളപ്പോൾ ഇരുവരും ഒരുപോലെ. ഷർട്ടിന്റെ നിറം ഒന്ന്. പാന്റിന്റെ തുണി ഒന്ന്. ബെൽറ്റും ഷൂസും ഒന്ന്. അവിടെ പണക്കാരൻ ഇല്ല പാവപ്പെട്ടവൻ ഇല്ല. ഉള്ളത് വിദ്യാർത്ഥികൾ മാത്രം.
കളർ ഡ്രസ്സ് വന്നാൽ ആദ്യ ആഴ്ച തന്നെ ക്ലാസ് രണ്ടായി മുറിയും. ബ്രാൻഡഡ് ഷർട്ട് ഇടുന്നവൻ ഒരു വശത്ത്. മൂന്ന് വർഷം പഴയ കുപ്പായം തുന്നിക്കെട്ടി വരുന്നവൻ മറുവശത്ത്. പഠിക്കുന്നതിന് മുമ്പ് കുട്ടി പഠിക്കുന്നത് തന്റെ വീടിന്റെ സാമ്പത്തിക സ്ഥിതി ആയിരിക്കും.
പത്ത് വയസ്സിൽ താഴെയുള്ള കുട്ടിയുടെ മനസ്സ് വളരെ ദുർബലമാണ്. കൂട്ടുകാരൻ പുതിയ ജീൻസ് ഇട്ട് വരുമ്പോൾ സ്വന്തം കുപ്പായത്തിലെ ഓട്ട നോക്കി അവൻ തല താഴ്ത്തും. "എന്റെ അച്ഛന് വാങ്ങിത്തരാൻ പാങ്ങില്ല" എന്ന തോന്നൽ ആ പ്രായത്തിൽ ഉണ്ടായാൽ അത് ജീവിതകാലം മുഴുവൻ അവനെ വേട്ടയാടും.
സ്കൂൾ എന്നത് ആത്മവിശ്വാസം ഉണ്ടാക്കേണ്ട ഇടമാണ്. അപകർഷതാബോധം കുത്തിവെക്കേണ്ട ഇടമല്ല. ഒരു ദിവസത്തെ കളർ ഡ്രസ്സ് ഒരു കുട്ടിയുടെ പന്ത്രണ്ട് വർഷത്തെ ആത്മാഭിമാനം തകർക്കും.ഇന്ന് ഒരു രക്ഷിതാവിന് വർഷത്തിൽ രണ്ട് ജോഡി യൂണിഫോം എടുത്താൽ മതി. ആയിരം രൂപയിൽ താഴെ ചെലവ്. കളർ ഡ്രസ്സ് നിർബന്ധമാക്കിയാൽ മാസം നാല് പുതിയ ഡ്രസ്സ് വേണം. കൂട്ടുകാരുടെ മുന്നിൽ മകൻ നാണം കെടരുത് എന്ന് കരുതി കടം വാങ്ങിയെങ്കിലും അച്ഛൻ വാങ്ങിക്കൊടുക്കും.
കേരളത്തിൽ ഇപ്പോഴും ദിവസം അഞ്ഞൂറ് രൂപ കൂലിക്ക് പണിയെടുക്കുന്ന ലക്ഷക്കണക്കിന് അച്ഛനമ്മമാർ ഉണ്ട്. അവരുടെ മേൽ ഈ അധികഭാരം അടിച്ചേൽപ്പിക്കുന്നത് എന്ത് നീതിയാണ്. സ്കൂൾ അറിവ് നേടാനുള്ള ഇടമാണ്. വ്യക്തിത്വം വളർത്താനുള്ള ഇടമാണ്. ആഴ്ചയിൽ ഒരു ദിവസം "ഫാഷൻ ഷോ" ആക്കിയാൽ കുട്ടികളുടെ ശ്രദ്ധ പഠിത്തത്തിൽ നിന്ന് മാറി വസ്ത്രത്തിലേക്ക് പോകും. ആരുടെ ഡ്രസ്സ് ഭംഗി ആരുടെ ഷൂ പുതിയത് എന്ന ചർച്ച ആകും ക്ലാസിൽ. അധ്യാപകർ പഠിപ്പിക്കുന്നത് ആരും കേൾക്കാതെ വരും.
യൂണിഫോം ഒരു തിരിച്ചറിയൽ രേഖ കൂടിയാണ്. സ്കൂൾ ടൂറിനു പോകുമ്പോൾ. അപകടം വരുമ്പോൾ. കുട്ടിയെ കാണാതാകുമ്പോൾ. യൂണിഫോം കണ്ടാൽ ഇത് ഏത് സ്കൂളിലെ കുട്ടിയാണെന്ന് നാട്ടുകാർക്ക് പെട്ടെന്ന് മനസ്സിലാകും. കളർ ഡ്രസ്സ് ആയാൽ ആ സുരക്ഷ ഇല്ലാതാകും.
കൂടാതെ യൂണിഫോം അച്ചടക്കത്തിന്റെ ഭാഗമാണ്. യൂണിഫോം ധരിക്കുമ്പോൾ കുട്ടിക്ക് തോന്നും ഞാൻ ഒരു വിദ്യാർത്ഥി ആണ്. എന്റെ ജോലി പഠിക്കുക ആണ്. ആ മാനസികാവസ്ഥ പ്രധാനമാണ്.
കുട്ടികളുടെ ക്രിയേറ്റിവിറ്റി വർധിപ്പിക്കണം എന്നാണ് ഉദ്ദേശ്യമെങ്കിൽ അതിന് നൂറ് വഴികളുണ്ട്. ചിത്രരചനാ മത്സരം നടത്തുക. ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്യിക്കുക. കഥ പറയാൻ അവസരം കൊടുക്കുക. സ്പോർട്സും കലയും പ്രോത്സാഹിപ്പിക്കുക.
വസ്ത്രത്തിലൂടെ അല്ല സർഗാത്മകത ഉണ്ടാക്കേണ്ടത്. മനസ്സ് തുറപ്പിച്ചാണ്. അതിന് കുട്ടി മാനസികമായി സുരക്ഷിതനായിരിക്കണം. കൂട്ടുകാരന്റെ മുന്നിൽ നാണംകെടാതെ നിൽക്കണം.
യൂണിഫോം ഒരു തുണിക്കഷ്ണം അല്ല. അത് ഇന്ത്യ പോലൊരു രാജ്യത്ത് പാവപ്പെട്ട കുട്ടിക്ക് കിട്ടുന്ന ഏറ്റവും വലിയ കവചമാണ്. അത് സമത്വത്തിന്റെ അടയാളമാണ്. ആത്മാഭിമാനത്തിന്റെ സംരക്ഷണമാണ്. ആ കവചം അഴിച്ചുമാറ്റരുത്. ഒരു കുട്ടിയുടെ കണ്ണുനീരിന്റെ വിലയുള്ള ഒരു പരിഷ്കാരവും നമുക്ക് വേണ്ട. സ്കൂൾ എല്ലാവർക്കും ഒരുപോലെ സുരക്ഷിത ഇടമായിരിക്കണം. പണമുള്ളവൻ തിളങ്ങുകയും ഇല്ലാത്തവൻ തലതാഴ്ത്തുകയും ചെയ്യുന്ന ഇടമായി സ്കൂളിനെ മാറ്റരുത്. കളർ ഡ്രസ്സ് വീട്ടിൽ മതി. സ്കൂളിൽ യൂണിഫോം മതി. കാരണം വിദ്യാലയം അറിവിന്റെ ക്ഷേത്രമാണ്. പ്രദർശനശാല അല്ല.– ആഷ ഉല്ലാസ് കുറിച്ചു.