മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച ഗണ്‍മാന്‍മാര്‍ക്കെതിരായ നടപടി വാര്‍ത്തയായി തുടരുന്ന സമയത്താണ് പിണറായി വിജയന്‍റെ നിലവിലെ ഡ്രൈവര്‍ക്ക് മര്‍ദനമെന്ന പുതിയ പരാതി വരുന്നത്. പ്രതിപക്ഷ നേതാവായ ശേഷം പിണറായിയുടെ കാര്‍ ഓടിക്കുന്നയാളും സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിലെ സ്ഥിരം ഡ്രൈവറുമായ പി.കെ.അനൂപാണ് പരാതി നല്‍കിയിരിക്കുന്നത്. ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത് ഇങ്ങിനെയാണ്.
കഴിഞ്ഞ ശനിയാഴ്ച, മെയ് 30ന് പിണറായി വിജയനെ തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനിലാക്കാന്‍ എത്തിയതായിരുന്നു അനൂപ്. വന്ദേഭാരതിന് പോകാനായി വൈകിട്ട് 3.45ന് ശേഷമാണ് പിണറായിയുമായി കാര്‍ റയില്‍വേ സ്റ്റേഷനിലെത്തിയത്. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പൊലീസിന്‍റെ അകമ്പടി വാഹനവുമുണ്ടായിരുന്നു. തമ്പാനൂര്‍ റയില്‍വേ സ്റ്റേഷന്‍റെ മുറ്റത്ത് കാര്‍ നിര്‍ത്തി പിണറായി വിജയന്‍ സ്റ്റേഷനുള്ളിലേക്ക് കടന്നു. അകമ്പടി വന്ന പൊലീസ് വാഹനവും മുന്നോട്ട് നീങ്ങിത്തുടങ്ങി. ഈ സമയം കാര്‍ വീണ്ടുമെടുക്കാനായി തുടങ്ങിയ അനൂപിനോട് പൊലീസ് ആക്രോശിച്ചുകൊണ്ട് മര്‍ദിച്ചെന്നാണ് പരാതി.
വണ്ടിയെടുത്ത് മാറ്റെടാ...എന്ന് ആക്രോശിച്ചുകൊണ്ട് എത്തിയ പൊലീസുകാര്‍ കഴുത്തിന് പിടിച്ച് തള്ളിയെന്നും പിന്നില്‍ നിന്ന് അടിച്ചെന്നുമാണ് പരാതി. റയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ശരത്, ജയന്‍ എന്നീ പൊലീസുകാര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
ഡി.ജി.പിക്ക് നല്‍കിയ പരാതി തുടര്‍ നടപടിക്കായി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയേക്കും.