Untitled design - 1

ഭരണം മാറി വരുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേടിസ്വപ്നങ്ങളിലൊന്നാണ് സ്ഥലംമാറ്റം. പൊലീസില്‍ അത് കൂടുതലുമാണ്. ഭരണകക്ഷിക്ക് താല്‍പര്യമില്ലാത്തവരെ, ഭരണത്തിലിരിക്കുമ്പോള്‍ അവരെ ഉപദ്രവിച്ചവരെ നോക്കിവെച്ച് പണികൊടുക്കുന്നത് പതിവാണ്.

ഇത്തവണ അത്തരം പണി കിട്ടിയ ഒരാളാണ് ഡിവൈ.എസ്.പി D.K.പ്രിത്വിരാജ്. പൊലീസ് സംഘടനകളുടെ നേതാവ്. വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് കേന്ദ്രം. പിണറായി സര്‍ക്കാര്‍ ഭരിച്ചിരുന്ന പത്ത് വര്‍ഷക്കാലം വഹിച്ചിരുന്ന പദവിക്ക് അപ്പുറം പൊലീസിന്‍റെ കാര്യങ്ങള്‍ തീരുമാനിക്കുകയും സര്‍ക്കാരിനെ ഉപദേശിക്കുകയുമൊക്കെ ചെയ്യുന്ന താക്കോല്‍ സ്ഥാനമായിരുന്നു പ്രിത്വിരാജിന് എന്നാണ് പൊലീസിലെ തന്നെ സംസാരം.

എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ വന്നതോടെ ആദ്യം മാറ്റിയ ഡിവൈ.എസ്.പിമാരില്‍ ഒരാള്‍ പ്രിത്വിരാജാണ്. അതും തലസ്ഥാനത്ത് നിന്ന് നേരെ ചുരം കയറ്റി വയനാട്ടിലേക്ക്. തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം സി.ഐ, ശംഖുമുഖം, കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മീഷണര്‍ എന്നീ സ്ഥാനങ്ങളിലും ഒടുവില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തുമായിരുന്നു പ്രിത്വിരാജ്. പ്രിത്വിരാജ് ശംഖുമുഖം എ.സി.പിയായിരിക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധം നടന്നത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ വധശ്രമം കുറ്റം ചുമത്തിയതും ജാമ്യം കിട്ടാത്ത കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയതും പ്രിത്വിരാജിന്‍റെ നേതൃത്വത്തിലായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്ന കെ.എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്തതും പ്രിത്വിരാജായിരുന്നു.

ഇതുകൂടാതെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചുമതലയേറ്റത് മുതല്‍ ക്രൈംബ്രാഞ്ച് മേധാവിയേപ്പോലും നിയന്ത്രിക്കുന്നയാള്‍ എന്നാണ് പൊലീസില്‍ തന്നെ അറിയപ്പെട്ടിരുന്നത്. രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓരോ കേസുകളും കൈകാര്യം ചെയ്യുന്നതെന്ന ആക്ഷേപവും ശക്തമാണ്. എന്തായാലും പിണറായി സര്‍ക്കാര്‍ മാറിയതോടെ അദ്ദേഹവും തെറിച്ചു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നിന്ന് വയനാട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റം. എന്തുകൊണ്ടാണ് വയനാട്ടിലേക്ക് മാറ്റിയതെന്ന് ചോദിച്ചാല്‍ അദേഹത്തിന്‍റെ ചില ശത്രുക്കള്‍ പറയുന്നത്. എളുപ്പത്തിലൊന്നും സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് വരാനാവാത്ത തരത്തിലുള്ള മാറ്റം എന്നാണ്. വയനാട്ടിലേക്ക് ട്രെയിന്‍ ഇല്ലല്ലോ? അതുകൊണ്ട് ബസിനോ അല്ലെങ്കില്‍ കോഴിക്കോട് എത്തി ട്രെയിന്‍ കയറിയോ വരണം. അതാണ് ചുരം കയറ്റിയുള്ള സ്ഥലംമാറ്റത്തിന് പിന്നിലെന്നാണ് പൊലീസിലെ സംസാരം. ​

 

ENGLISH SUMMARY:

Malayala Manorama Online News reports on the transfer of DSP D.K. Prithviraj following a change in government in Kerala. This move highlights the prevalent fear of transfers among government officials, particularly in the police force, when political powers shift.