എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ. നവീന്‍ ബാബുവിന്റെ കുടുബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. പൊലീസ് അന്വേഷണത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചുവെന്നും ഗൂഢാലോചന കൃത്യമായി അന്വേഷിച്ചില്ലെന്നും ചൂണ്ടിക്കാട്ടി കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി.സതീശനെ നേരിട്ട് കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സിബിഐക്ക് വിടുന്ന ആദ്യ കേസാണിത്.
നിലവിൽ കേസിൽ ഒരാൾ മാത്രമാണ് പ്രതി. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട യഥാർഥ ഉടമയെ കണ്ടെത്താനോ, ലൈസൻസ് അപേക്ഷയുമായി ബന്ധപ്പെട്ട് റവന്യൂ രേഖകളിൽ നിന്ന് അപ്രത്യക്ഷമായ വിവരങ്ങൾ പരിശോധിക്കാനോ പൊലീസ് തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. പോസ്റ്റ്മോർട്ടം, ഇൻക്വസ്റ്റ് നടപടികളിലെ പിഴവുകളും മുൻ കളക്ടറുടെ ദുരൂഹമായ ഇടപെടലുകളും സിബിഐ അന്വേഷണ പരിധിയിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ സർക്കാർ സിബിഐ അന്വേഷണത്തെ ശക്തമായി എതിർത്തിരുന്ന സാഹചര്യത്തിലാണ് പുതിയ സർക്കാരിന്റെ നിർണായക തീരുമാനം.
വരും ദിവസങ്ങളിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങും. ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ നിരന്തരമായ ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെടുന്നത്. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണ് കുടുംബം നടത്തുന്നതെന്ന് പ്രതിഭാഗം നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ അന്വേഷണ പ്രഖ്യാപനം കുടുംബത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്.