ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ്- കെഎസ്‌യു നേതാക്കളെ മൃഗീയമായി തല്ലിച്ചതച്ച കേസിലെ പ്രതികൾ ഒളിവിലെന്ന് പ്രത്യേക അന്വേഷണ സംഘം . ഇവർക്കെതിരെ നരഹത്യാശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിന് പിന്നാലെയാണ് ഗൺമാനും സുരക്ഷ ഉദ്യോഗസ്ഥരും അടക്കമുള്ള അഞ്ച് പ്രതികൾ ഒളിവിൽ പോയത്. അതേസമയം, കേസിൽ പുതുതായി പ്രതിചേർക്കപ്പെട്ട മൂന്നുപേരുടെ മുൻകൂർ ജാമ്യ അപേക്ഷ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും.
എ.ഡി.തോമസ് എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അജയ് ജൂവൽ കുര്യാക്കോസ് എന്നിവരെ മൃഗീയമായി മർദ്ദിച്ച ഗണ്മാനും സുരക്ഷ ഉദ്യോഗസ്ഥർക്കെതിരെ ഇടത് സർക്കാരിന്റെ കാലത്ത് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. എന്നാൽ യുഡിഎഫ് സർക്കാർ അധികാരമേറ്റ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതോടെ കുരുക്ക് മുറുകി. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഗുരുതരമായ വകുപ്പുകൾ ചേർക്കാവുന്ന കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്ന് വ്യക്തമായി. കഴിഞ്ഞദിവസം ഒന്നും രണ്ടും പ്രതികളായ ഗൺമാൻ അനിൽകുമാറും സുരക്ഷ ഉദ്യോഗസ്ഥൻ സന്ദീപും ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യ അപേക്ഷ നൽകിയിരുന്നു. ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുൻപ് പ്രത്യേക അന്വേഷണസംഘം പ്രതികൾക്കെതിരെ നരഹത്യാശ്രമം അടക്കമുള്ള വകുപ്പുകൾ വകുപ്പുകൾ ചുമത്തിയതായുള്ള റിപ്പോർട്ട് കോടതിയിൽ നൽകി.
അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് നേരിട്ടെത്തിയാണ് റിപ്പോർട്ട് നൽകിയത്. തുടർന്ന് പ്രതികൾ ജാമ്യ അപേക്ഷ പിൻവലിച്ചു. ഇവർക്കെതിരെ ചുമത്തിയ ഗൗരവപരമായ കുറ്റം അധികമായി പ്രതിചേർത്ത മറ്റ് മൂന്നുപേർക്കും ബാധകമാകും. ജാമ്യാപേക്ഷ പരിഗണിച്ച ശനിയാഴ്ച ഒന്നും രണ്ടും പ്രതികൾ ആലപ്പുഴയിൽ എത്തിയിരുന്നു. നരഹത്യശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയതിന് പിന്നാലെയാണ് അഞ്ച് പ്രതികളും ഒളിവിൽ പോയത്. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ജാമ്യമില്ല വകുപ്പുകൾ ചുമത്തിയതോടെ മുൻകൂർ നോട്ടീസ് നൽകാതെ പ്രതികളെ അറസ്റ്റ് ചെയ്യാനാവും. രക്ഷാപ്രവർത്തന കേസിൽ അധികമായി പ്രതിചേർക്കപ്പെട്ട ഷൈജു, വിപിൻ അരുൺ, എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. മജിസ്ട്രേറ്റ് കോടതിയിലെ ജാമ്യാപേക്ഷ പിൻവലിച്ചതിന് പിന്നാലെ ഒന്നും രണ്ടും പ്രതികളായ അനിൽകുമാറും സന്ദീപും വീണ്ടും മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതിയിൽ നൽകിയിട്ടുണ്ട്. ഗുരുതര കുറ്റകൃത്യങ്ങൾ ഇവർക്കെതിരെ ചുമത്തുന്നതിന് മുൻപ് പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ സെഷൻസ് കോടതി തീർപ്പാക്കിയിരുന്നു.