നാല് പേര്‍ക്ക് പുതുജീവിതം പകര്‍ന്ന് കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ ലോകത്തോട് വിടപറഞ്ഞു. വാഹനാപകടത്തില്‍ ചികില്‍സയിലിക്കെ മസ്തിഷ്ക മരണം സംഭവിച്ച അര്‍ജുന്‍റെ ഹൃദയവും വൃക്കകളും, കരളുമാണ് വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയത്. അര്‍ജുന്‍റെ മൃതദേഹം ഉച്ചക്ക് രണ്ടരയ്ക്ക് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്കരിക്കും.
ജീവിച്ച് കൊതിതീരാത്ത, സ്വപ്നങ്ങളേറെയുണ്ടായിരുന്ന 23കാരനായ അര്‍ജുന്‍. വിധി ബൈക്കപടത്തിന്‍റെ രൂപത്തില്‍ അര്‍ജുന്‍റെ ജീവനെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ നാല് പേര്‍ക്ക് ജീവന്‍ നല്‍കി അവനെ മടക്കാന്‍ മാതാപിതാക്കളും തീരുമാനിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ ആശുപത്രിയില്‍ ഇന്നലെ മസ്തിഷ്ക മരണം സംഭവിച്ച അര്‍ജുന്‍റെ ശരീരത്തില്‍ നിന്ന് അവയവങ്ങള്‍ പുറത്തെടുക്കുന്ന പ്രക്രിയ രാവിലെ അഞ്ച് മണിയ്ക്ക് തുടങ്ങിയിരുന്നു. ഒമ്പതുമണിയോടെ ആദ്യം പുറത്തെത്തിച്ചത് ഹൃദയം. ആംബുലന്‍സ് പൊലീസ് അകമ്പടിയോടെ കണ്ണൂര്‍ സൈനിക കേന്ദ്രത്തിലെ ഹെലിപാഡ് ലക്ഷ്യമാക്കി കുതിച്ചു. കൊച്ചി ആസ്റ്ററില്‍ ചികില്‍സയിലുള്ള മലപ്പുറം സ്വദേശിയ്ക്കാണ് അര്‍ജുന്‍ ഹൃദയം നല്‍കിയത്. പത്തരയ്ക്ക് ആസ്റ്റർ മെഡ്സിറ്റിയില്‍ ഹെലികോപ്റ്ററെത്തി.
വൃക്കകളില്‍ ഒന്ന് കണ്ണൂര്‍ ആസ്റ്ററിലുള്ള രോഗിക്കും മറ്റൊന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ രോഗിക്കുമാണ്.. കരള്‍ കോഴിക്കോട് ആസ്റ്ററിലുമെത്തിച്ചു. കെ-സോട്ടോ വഴിയാണ് അവയവ കൈമാറ്റ പ്രക്രിയകള്‍ ഏകോപിപ്പിച്ചത്.