കേരളത്തിന്റെ പൂക്കി സിഎമ്മിന് ഇന്ന് 62–ാം പിറന്നാള്‍. യഥാര്‍ഥ ജന്മദിനം ഒരുമാസം അകലെയാണെങ്കിലും എല്ലാവരും ആശംസകള്‍ അറിയിക്കുന്നത് ഔദ്യോഗിക രേഖകളിലുള്ള ജന്മദിനമായ ഇന്നാണ്. ഈ ജന്മദിനം വി.ഡി.സതീശന് ഇരട്ടമധുരമുള്ളതാണ്. 

പ്രായത്തിന്റെ കാര്യത്തില്‍ പിന്നോട്ടുനടന്നാണ് വി.ഡി.സതീശന് ശീലം. അറുപത്തിരണ്ടില്‍ എത്തിനില്‍ക്കുമ്പോഴും ചിന്തകളിലും പെരുമാറ്റത്തിലും ജെന്‍സി തലമുറയോട് വരെ സംവദിക്കും സതീശ ശൈലി.  ഇന്ന് മാളോര്‍ക്ക് ആശംസ നേരാനുള്ള ജന്മദിനമാണ്. വര്‍ഷം കളയാതെ സ്കൂളില്‍ ചേരാന്‍ എഴുതിച്ചേര്‍ത്ത ദിനം. യഥാര്‍ഥ പിറന്നാള്‍ കര്‍ക്കടത്തിലെ ചതയദിനത്തിലാണ്. അന്ന് കേക്കും കഴിക്കും പായസവും കുടിക്കും.

ജന്മദിനം ആശംസിക്കാന്‍ മുന്‍പ് ഒരിക്കല്‍ വിളിച്ചപ്പോള്‍, നെഹ്റൂവിയന്‍ സോഷ്യലിസ്റ്റായ നെഹ്റുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് നന്ദി പറഞ്ഞത്.  ജന്മദിനത്തിന് ഖദര്‍ ഷര്‍ട്ടും പുസ്തകങ്ങളും സമ്മാനമായി നല്‍കാറുണ്ട് സുഹൃത്തുക്കള്‍. കേരളത്തിന്രറെ ഒന്നാം നമ്പര്‍ കസേരയിലിരിക്കുന്ന വി.ഡിക്ക് ഇത്തവണ സമ്മാനങ്ങളും ആശംസകളും കൂടും. ജീവിതത്തില്‍ ഏറ്റവും ആഹ്ളാദപരവും അതേസമയം വെല്ലുവിളി നിറഞ്ഞ ഒരു കാലത്തെ ജന്മദിനം കൂടിയാണിത്. അതിനാല്‍ ആഘോഷങ്ങളില്‍ മതിമറക്കാതെ കൈവന്ന ഭാരിച്ച ഉത്തരവാദിത്തത്തിന്റെ തിരക്കുകളില്‍ എല്ലാം അലിഞ്ഞുചേരും. 

ENGLISH SUMMARY:

V.D. Satheesan celebrates his 62nd birthday today, a date recognized in official records despite his actual birth occurring later in Karkadakam. This birthday holds special significance as he assumes the mantle of Kerala's Chief Minister, balancing joyous celebrations with the weighty responsibilities of his new role.