visit-sfi-sivan

ഇ.ഡി പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ടവരുടെ വീടുകളിൽ പോലീസ് നടത്തുന്ന അക്രമ നടപടികളും ഭീഷണിപ്പെടുത്തലും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് മുന്‍ മന്ത്രി വി ശിവന്‍കുട്ടി. ഇ.ഡി.യെ രാഷ്ട്രീയ ആയുധമാക്കി എൽ.ഡി.എഫ് നേതൃത്വത്തെ വേട്ടയാടുന്നതിനെതിരെ പ്രതിഷേധിച്ചവരുടെ കുടുംബങ്ങളെ വേട്ടയാടുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്. നിലവിൽ റിമാൻഡിൽ ജയിലിൽ കഴിയുന്നവരുടെ വീടുകൾ ഇന്ന് സന്ദർശിച്ചുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'കുടുംബാംഗങ്ങളെ പൊലീസ് ഭീഷണിപ്പെടുത്തുകയും ആശങ്കയുടെ മുൾമുനയിൽ നിർത്തുകയുമാണ്.ഇതിന് പുറമെ, പ്രതി ചേർക്കപ്പെട്ടവർ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ പോലീസ് എത്തി ഭീതി പരത്തുകയും അവരുടെ തൊഴിൽ സാഹചര്യം തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. നിരപരാധികളായ കുടുംബാംഗങ്ങളെയും ജോലി ചെയ്യുന്നവരെയും ഇത്തരത്തിൽ ദ്രോഹിക്കുന്നത് അംഗീകരിക്കാനാവില്ല. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് പോലീസ് ശ്രമിക്കുന്നത്. പ്രതിഷേധിച്ചവർക്കെതിരെ നിയമവിരുദ്ധ നടപടികൾ തുടരുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ്.

നിയമവിരുദ്ധമായ ഈ പോലീസ് അതിക്രമങ്ങൾ സർക്കാർ അടിയന്തരമായി അവസാനിപ്പിക്കണം. പ്രതിഷേധിച്ചവരെയും അവരുടെ കുടുംബങ്ങളെയും വേട്ടയാടുന്ന നടപടികളിൽ നിന്ന് പോലീസ് പിന്തിരിയണം'. – വി ശിവന്‍കുട്ടി കുറിച്ചു. 

ENGLISH SUMMARY:

V Sivankutty has strongly condemned the police's actions against the families of those implicated in the ED protest in Kerala. He stated that the police are intimidating families and creating fear, which is unacceptable and violates constitutional rights.