തിരുവനന്തപുരം നെടുമങ്ങാട് കരിക്കുഴിയില്‍ അര്‍ഷിദ് മരിച്ചത് അതിക്രൂരമായ മര്‍ദ്ദനമേറ്റ്. ഒന്നര വയസുകാരനെ പൊള്ളലേല്‍പ്പിച്ചും മര്‍ദ്ദിച്ചുമാണ് കൊലപ്പെടുത്തിയത്. കേസില്‍ അമ്മ അഖിലയെയും പങ്കാളി അഷ്കറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം,  കൈ ഒടിഞ്ഞ മകനുമായി ഗിവ്എവേയില്‍ പങ്കെടുക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

ഒരു ബസ്റ്റാന്‍ഡില്‍ നിന്നുള്ളതാണ് വിഡിയോ. രണ്ടു കയ്യിലും പ്ലാസ്റ്ററിട്ട കുഞ്ഞുമായി നടന്നു വരുന്നതിനിടെയാണ് ഇന്‍ഫ്ലുവന്‍സര്‍ അഖിലയെ സമീപിക്കുന്നത്. കുട്ടിയുടെ കയ്യിലെ പരുക്ക് കണ്ട് എന്താണ് പറ്റിയതെന്ന് ചോദിക്കുമ്പോള്‍ സൈക്കിളില്‍ നിന്നും വീണതെന്നാണ് അഖില മറുപടി പറയുന്നത്. ഗിവ്‍എവേയില്‍ ലഭിച്ച സമ്മാനം കുഞ്ഞിനെ കൊണ്ടാണ് അഖില വാങ്ങിക്കുന്നത്. 

കുട്ടിയുടെ രണ്ട് കൈകകളും ഒരു മാസം മുമ്പ് ഒടിഞ്ഞിരുന്നു. ഇതിലടക്കം കുട്ടിയുടെ മുത്തശ്ശി സംശയം പ്രകടിപ്പിക്കുന്നുണ്ട്. 'ഒരു മാസം മുന്‍പ് രണ്ട് കൈയും ഒടിഞ്ഞ് പ്ലാസ്റ്ററിട്ടിരുന്നു. ഇത് അമ്മ സ്റ്റാറ്റസിട്ടു. കളിപ്പാട്ടത്തില്‍ നിന്നും വീണു പരുക്കേറ്റതാണെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. വീണിരുന്നെങ്കില്‍ ദേഹമാസകലം മുറിയണമായിരുന്നു. പക്ഷേ അതുണ്ടായില്ല' എന്നും മുത്തശ്ശി പറഞ്ഞു. അമ്മയുടെ പങ്കാളി അപായപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നും മുത്തശ്ശി പറഞ്ഞു.

തുടര്‍ച്ചയായ മര്‍ദ്ദനം കാരണമുളള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോ‌ർട്ടം റിപ്പോര്‍ട്ട്. ഒന്നര വയസുകാരന്‍റെ ശരീരം മുഴുവന്‍ ഗുരുതര മുറിവുകളുണ്ട്. തുടര്‍ച്ചയായ മര്‍ദ്ദനം കാരണമുളള ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്‍റെ മരണ കാരണമെന്ന് പോസ്റ്റ്‌മോ‌ർട്ടത്തില്‍ കണ്ടെത്തി. ഇതോടെ അമ്മ അഖിലയേയും രണ്ടാം ഭര്‍ത്താവ് അഷ്കറിനേയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

ENGLISH SUMMARY:

Arshid death involves brutal assault and burns on the one-and-a-half-year-old, leading to his tragic demise. Police have arrested his mother, Akhila, and her partner, Ashkar, in connection with the horrific incident.