നെടുമങ്ങാട് ഒന്നര വയസ്സുകാരന്‍ അര്‍ഷിദിന്‍റെ മരണത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടാനച്ഛന്‍ അഷ്‌കര്‍ ആദ്യഭാര്യ ആമിനയേയും ക്രൂരമായി മര്‍ദിച്ചു. അഷ്‌കറിൻ്റെ മർദനം കാരണം ആമിനയുടെ ബോധം നഷ്‌ടപ്പെട്ടുവെന്ന് അമ്മ ഷജില ബീവി മനോരമ ന്യൂസിനോട് പ്രതികരിച്ചു.
ഭിത്തിയിൽ ആമിനയുടെ തല ഇടിപ്പിച്ചു. ശുചിമുറിയിലിട്ട് മർദിച്ചു. ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു. അഷ്കറിന്‍റെ അമ്മയും സഹോദരിയും മര്‍ദനത്തിന് കൂട്ട് നിന്നു. മകളുടെ നിലവിളി കേട്ട നാട്ടുകാരാണ് ഞങ്ങളെ വിവരം അറിയിച്ചത്.
മര്‍ദനം മൂലം ആമിന കിടപ്പ് രോഗിയായി. ഒരു വർഷമായി ബോധം പോലുമില്ലാത്ത സ്ഥിതിയായി. ആമിന നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. പത്ത് മാസമായതേയുള്ള ഓര്‍മശക്തി തിരികെ കിട്ടിയിട്ട്. എന്നാലും ചിലതൊന്നും ഓര്‍മയില്ല. അതുകൊണ്ട് തന്നെ ബന്ധം വേര്‍പിരിക്കാനും സാധിക്കുന്നില്ല. മര്‍ദനവുമായി ബന്ധപ്പെട്ട് അഷ്‌കറിനെതിരെ നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ആറ് തവണയാണ് പൊലീസിനെ സമീപിച്ചത്. പൊലീസിലെ ചിലരുമായി അഷ്‌കറിന് സൗഹൃദമുണ്ടെന്നും ഷജില ബീവി പറഞ്ഞു.
തന്‍റെ ഇളയമകന്‍റെ മരണത്തിലും അഷ്കറിന് പങ്കുണ്ടെന്ന് സംശയമുണ്ടെന്നും ഷജില പറഞ്ഞു. കൊല്ലുമെന്ന് പല തവണ ഭീഷണിപ്പെടുത്തിയിരുന്നതായും ഇതിനുപിന്നാലെ തന്നെ ദുരൂഹസാഹചര്യത്തില്‍ 16കാരനായ മകനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും ഷജില പറഞ്ഞു.