ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ കാണാനില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് ക്ഷേത്ര ഭരണ സമിതി തള്ളിയെങ്കിലും ദുരൂഹത ഒഴിയുന്നില്ല. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണമോഷണ ആരോപണം ഗൗരവമായി അന്വേഷിക്കുമെന്നും റിപ്പോര്‍ട്ട് തേടിയെന്നും ദേവസ്വം മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ നഷ്ടമായെന്ന് പൊലീസ് റിപ്പോര്‍ട്ട് മനോരമ ന്യൂസാണ് പുറത്തുവിട്ടത്.  

​ ശ്രീകോവിലിനുള്ളില്‍ സൂക്ഷിക്കുന്ന വജ്രാഭരണമായ വൈര നാമ ഉള്‍പ്പടെ കാണാനില്ലെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍ . സ്വര്‍ണവിളക്ക് മാറ്റിയ ശേഷം വെള്ളിവിളക്ക് വെച്ചെന്നും കണ്ടെത്തിയെന്ന് ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ കത്ത് മനോരമ ന്യൂസ് പുറത്തുവിട്ടതോടെ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ നഷ്ടമായത് പുറത്തറിയുന്നത് . ഭക്തര്‍ വഴിപാടായി നല്‍കിയ സ്വര്‍ണ നാണയങ്ങളില്‍  78 ഗ്രാം സ്വര്‍ണം കാണാനില്ലെന്നും പൊലീസിന്‍റെ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍  പൊലീസ് റിപ്പോര്‍ട്ട് ഇന്നലെ ചേര്‍ന്ന  ക്ഷേത്ര ഭരണ സമിതി യോഗം തള്ളിയിരുന്നു.  വിലപിടിപ്പുള്ളതൊന്നും നഷ്ടമായില്ലെന്ന് നേരിട്ടുള്ള പരിശോധനയില്‍ വ്യക്തമായെന്നാണ്  ഭരണസമിതി നിലപാട്. ഇതില്‍ വിശദമായ അന്വേഷണമുണ്ടാവുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായെന്ന പൊലീസ് റിപ്പോര്‍ട്ടും ഇതിനെ തള്ളുന്ന ഭരണസമിതി നിലിപാടും  കാര്യങ്ങള്‍ കൂടുതല്‍ ദുരുഹമാക്കുകയാണ്. സത്യമെന്ത് എന്ന് അറിയണമെങ്കില്‍ ആഴത്തിലുള്ള അന്വേഷണത്തിലേക്ക് സര്‍ക്കാരിന് പോകേണ്ടിവരും.

ENGLISH SUMMARY:

Sree Padmanabhaswamy Temple treasures are reportedly missing according to a police report, which has been dismissed by the temple board, fueling further mystery. The Devaswom Minister has stated that the allegations of gold theft at the Padmanabhaswamy Temple will be thoroughly investigated