പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണക്കവര്‍ച്ചയ്ക്ക് വഴിവെക്കുന്നത് വന്‍ സുരക്ഷാ വീഴ്ചയും അമൂല്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലെ അലംഭാവവും. ചിലര്‍ സ്വാധിനം ഉപയോഗിച്ച് സുരക്ഷാ പരിശോധന അട്ടിമറിച്ച് ക്ഷേത്രത്തില്‍ വന്നുപോകുന്നതായി പൊലീസ്. ഇത്തരം അനധികൃത വി.ഐ.പികളുടെ പട്ടികയും പൊലീസ് സര്‍ക്കാരിന് കൈമാറി. ഇവരെ നിയന്ത്രിക്കുകയും സ്വത്തുക്കളെല്ലാം സ്ട്രോങ് റൂമിലേക്ക് മാറ്റുകയും ചെയ്യണമെന്ന് ഡി.ജി.പിയുടെ നിര്‍ദേശം.
സാധാരണക്കാരായ വിശ്വാസികളെ പലഘട്ടങ്ങളിലായുള്ള കര്‍ശന പരിശോധനക്ക് ശേഷമേ ക്ഷേത്രത്തില്‍ കയറ്റു. ഇവിടെ ഒരു ഈച്ച അനങ്ങിയാല്‍ പൊലീസ് അറിയുന്ന തരത്തില്‍ ആധുനിക സംവിധാനങ്ങളെല്ലാം സുരക്ഷക്കായി ഒരുക്കിയിട്ടുമുണ്ട്. പക്ഷെ അതെല്ലാം ചില സ്വാധീനക്കാരുടെ മുന്നില്‍ വഴിമാറുന്നൂവെന്നാണ് പൊലീസ് തന്നെ സമ്മതിക്കുന്നത്.
അമൂല്യ വസ്തുക്കളുടെ മോഷണത്തിന് പൊലീസ് കണ്ടെത്തുന്ന പ്രധാന കാരണങ്ങളിലൊന്നാണ് സ്വാധീനം ഉപയോഗിച്ച് സുരക്ഷാ പരിശോധന അട്ടിമറിക്കുന്നവര്‍. പരിശോധന കൂടാതെ ഇവര്‍ ക്ഷേത്രത്തിന് അകത്ത് കയറുകയും ഇറങ്ങുകയും ചെയ്യുന്നത് സംശയകരമാണ്. തിരുവനന്തപുരത്തുള്ള ചില പ്രമുഖരടക്കം ഇത്തരക്കാരുടെ പട്ടികയും ഡി.ജി.പിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഇതുകൂടാതെ വിശ്വാസികള്‍ നല്‍കുന്ന വസ്തുക്കള്‍ രേഖകളില്‍ കൃത്യമായി ഉള്‍പ്പെടുത്തുന്നതിലും സൂക്ഷിക്കുന്നതിലും ഭരണസമിതി വീഴ്ച വരുത്തുന്നതായും കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ കര്‍ശന നടപടിയും ഡി.ജി.പി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നുണ്ട്.
നിലവറക്ക് പുറത്തുള്ള സ്വര്‍ണവും വെള്ളിയും ഉള്‍പ്പടെയുള്ള വസ്തുക്കളെല്ലാം സ്ട്രോങ് റൂമിലേക്ക് മാറ്റണം. വിശ്വാസികള്‍ നല്‍കുന്ന വസ്തുക്കള്‍ ലോക്കറില്‍ സൂക്ഷിച്ച് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തണം. സ്വാധീനമുള്ള ആരെയും സുരക്ഷാ പരിശോധനയില്‍ നിന്ന് ഒഴിവാക്കരുത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുന്‍പ്, 15നാണ് ഡി.ജി.പി റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറുന്നത്. അതുകൊണ്ട് രാജ്യത്തെ തന്നെ അഭിമാനമായ ക്ഷേത്രത്തിന്‍റെ സ്വത്തുക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും ഇനി നഷ്ടപ്പെടില്ലായെന്നും ഉറപ്പിക്കാന്‍ അടിയന്തിരമായി ഇടപെടേണ്ടത് ആഭ്യന്തരവകുപ്പും സംസ്ഥാന സര്‍ക്കാരുമാണ്.