മദ്യനയത്തിൽ മാറ്റം വരുത്താനുള്ള നടപടി തുടങ്ങി സർക്കാർ. ബാറുകളുടെ പ്രവർത്തന സമയം കുറയ്ക്കുന്നത്, ബാർ ലൈസൻസ് അനുവദിക്കുന്നതിലെ നിയന്ത്രണം തുടങ്ങിയ മാറ്റങ്ങളുണ്ടാവും. എക്‌സൈസ് ഉദ്യോഗസ്ഥരോട് നിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട മന്ത്രി എം.ലിജു പൊതുജനങ്ങളുടെ അഭിപ്രായവും തേടുമെന്ന് അറിയിച്ചു.
എക്സൈസ് ഉദ്യോഗസ്ഥരുമായുള്ള ആദ്യ അവലോകനത്തിൽ മന്ത്രി എം.ലിജു വ്യക്തമാക്കി എൽ.ഡി.എഫിന്റെ മദ്യനയം പൂർണമായും തുടരാൻ ഉദ്ദേശിക്കുന്നില്ല. യുഡിഎഫ് സർക്കാർ പരിഷ്‌കാരം വരുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെന്ന നിലയിൽ നിങ്ങൾക്കും നിർദേശം സമർപ്പിക്കാം.
പൊതുജനങ്ങളുടെയും അഭിപ്രായം തേടും. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിനുള്ള ഹോട്ടലുകളുടെ ശ്രേണി നിശ്ചയിക്കല്‍, ബാറുകള്‍ രാത്രി പന്ത്രണ്ട് മണിവരെ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയത് പുന:പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം പുതിയ നയത്തിന്‍റെ ഭാഗമാവും. ഈവര്‍ഷത്തെ മദ്യനയം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതിനാല്‍ അടുത്തവര്‍ഷമായിരിക്കും യുഡിഎഫിന്‍റെ തിരുത്തലുകളും പരിഷ്കാരവും ഉള്‍പ്പെടുത്താനാവുക.
നിലവിലെ മദ്യനയത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി എക്സൈസ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മദ്യനയത്തിൽ സമഗ്രമായ മാറ്റം വേണമെന്ന ആവശ്യം മദ്യവിരുദ്ധ സമിതിയും സർക്കാരിനെ അറിയിച്ചിരുന്നു.