നയമില്ലാത്ത പ്രഖ്യാപനമാണ് ഗവര്‍ണറുടേതെന്ന്  പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. യുഡിഎഫ് പ്രകടനപത്രികയില്‍ നിന്ന് ഒളിച്ചോടുന്നതായി നയപ്രഖ്യാപനം. പുതുയുഗത്തിലേയ്ക്കുള്ള റൂട്ട് മാപ് ഇതില്‍ കണാനില്ല. കിഫ്ബി, കുടുംബശ്രീ ഉള്‍പ്പടെയുള്ളവയെക്കുറിച്ച് മൗനം പാലിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അതേ ബ്ലൂ ഇക്കോണമി തന്നെയാണോ നയപ്രഖ്യാപനത്തിലുമുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. തുടക്കമായതുകൊണ്ട് കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തുന്നില്ലെന്നും കാത്തിരുന്ന കാണാമെന്നും പിണറായി പറഞ്ഞു. 

ധവളപത്രം വരട്ടേ, ബാക്കി അപ്പോള്‍ പറയാം. സാമ്പത്തികനില അപകടത്തിലെന്ന് വരുത്താന്‍ ശ്രമം. കൈമാറുമ്പോള്‍ ഖജനാവില്‍ 5429 കോടി നീക്കിയിരിപ്പ്. കേന്ദ്ര സമീപനത്തെക്കുറിച്ച് നയപ്രഖ്യാപനം ഒന്നും പറയുന്നില്ല. ജനക്ഷേമപരിപാടികള്‍ക്ക് പിന്തുണ. അല്ലാത്തവയെ എതിര്‍ക്കുമെന്നും പിണറായി വിജയന്‍. 

നെഹ്റുവിനെ ഉദ്ധരിച്ച് ആരംഭിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചിന ഇന്ദിര ഗ്യാരന്റികള്‍ നടപ്പാക്കലും ഒപ്പം  സര്‍ക്കാരിന്റെ ധനസ്ഥിതിയും കടന്നെത്തി. കേരളത്തെ തുറമുഖ ഹബ്ബാക്കും, ചെറുകിട വ്യവസായങ്ങളെ പിന്താങ്ങും,  കാര്‍ഷിക കണ്‍സോര്‍ഷ്യം സ്ഥാപിക്കും, വന്യജീവിപ്രശ്നം പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കും തുടങ്ങി വിവിധ വിഷയങ്ങളിലെ നയം വ്യക്തമാക്കി. പതിവില്‍ നിന്ന് വ്യത്യസ്തമായി കേന്ദ്രത്തെ വിമര്‍ശിക്കാതെ ആയിരുന്നു വി.ഡി.സതീശന്‍ സര്‍ക്കാരിന്റെ കന്നി നയപ്രഖ്യാപനം എന്നതും ശ്രദ്ധേയം. കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായ പിന്തുണ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ ഭരണത്തില്‍ സുതാര്യത ആണ് ലക്ഷ്യം വയ്ക്കുന്നത് എന്നും കൂട്ടിച്ചേര്‍ത്തു.

നിലവിലെ ആരോഗ്യ മേഖലയിലെ സിസ്റ്റം മോശമാണെന്നും പുതിയ സര്‍ക്കാര്‍ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുമെന്നും  ചെലവുകുറഞ്ഞ ചികില്‍സ ലഭ്യമാക്കുക സര്‍ക്കാര്‍ ലക്ഷ്യമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്നും ശാസ്ത്ര അവബോധം കൂട്ടുന്നതിനായി നെഹ്റു ശാസ്ത്രകേന്ദ്രങ്ങള്‍ തുടങ്ങുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ENGLISH SUMMARY:

Opposition Leader Pinarayi Vijayan criticized the UDF government's policy address, accusing them of abandoning their election manifesto and halting LDF's development blueprint.