തൃശൂർ പീച്ചി പൊലീസ് സ്റ്റേഷനിൽ മൂന്ന് വർഷം മുൻപ് നടന്ന മർദനക്കേസിൽ തുടർനടപടി വൈകുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ തെളിവായുണ്ടായിട്ടും കർശന നടപടിയില്ലെന്നാണ് പരാതി.
2023 മേയ് 24നാണ് പീച്ചി പൊലീസ് സ്റ്റേഷനിൽ ഹോട്ടൽ ഉടമയേയും ജീവനക്കാരെയും മർദിച്ചത്. ഇൻസ്പെക്ടർ പി.എം. രതീഷ് ആണ് മർദ്ദിച്ചത്. പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി. ഔസേപ്പ്, മകൻ പോൾ ജോസഫ്, മാനേജർ റോണി, ഡ്രൈവർ ലിതിൻ ഫിലിപ്പ് എന്നിവരാണ് മർദനത്തിനിരയായത്. ഹോട്ടലിലെ ഭക്ഷണത്തിന്റെ ഗുണമേന്മയെ ചൊല്ലി ഉണ്ടായ തർക്കത്തിനു പിന്നാലെയാണ് ഇവർ സ്റ്റേഷനിലെത്തിയത്. വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഒരു വർഷം മുൻപ് തയ്യാറാക്കി.
പക്ഷേ, പിരിച്ചുവിടൽ ഉൾപ്പെടെയുള്ള കർശന നടപടികൾ ഉണ്ടായില്ല. മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപ്പെട്ടിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയുണ്ട്. എന്നാൽ ഈ ആരോപണത്തിൽ കാര്യമായ അന്വേഷണം നടന്നിട്ടില്ല. മർദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ നിയമപോരാട്ടത്തിലൂടെയാണ് പരാതിക്കാർക്ക് ലഭിച്ചത്. മർദനത്തിന്റെ തെളിവുകൾ ദൃശ്യങ്ങളിലുണ്ടായിട്ടും നടപടി സസ്പെൻഷനിൽ ഒതുങ്ങി.