തിരുവനന്തപുരം വെമ്പായത്തുള്ള ഹാപ്പിലാന്‍ഡ് അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടിവീണു. ആറുപേര്‍ക്ക് പരുക്ക്, ഒരാളുടെ കാല്‍ ഒടിഞ്ഞു. രണ്ടുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. സുരക്ഷാവീഴ്ചയുണ്ടായെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ഇന്ന് ഉച്ചയ്ക്ക് ശേഷം ഏതാണ്ട് രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. റെയ്ഡ് പൊട്ടി അതിലുണ്ടായിരുന്നവർ താഴേക്ക് തെറിച്ചുവീഴുകയായിരുന്നു. പരുക്കേറ്റ 6 പേരിൽ ഒരു സ്ത്രീയുടെ കാൽ ഒടിഞ്ഞു.
ഇവരെ വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അടിയന്തരമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവരെ വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരുക്ക് അത്ര ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അവധി ആഘോഷിക്കാൻ കുട്ടികളടക്കം നിരവധി കുടുംബങ്ങൾ എത്തിയ ദിവസമായിരുന്നു ഇന്ന്. തെക്കൻ കേരളത്തിലെ തന്നെ വലിയ പാർക്കുകളിൽ ഒന്നായതിനാൽ വലിയ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്. അപകടം നടന്ന റൈഡിന്റെ ഒരു ഭാഗം പൂർണ്ണമായി തെന്നിമാറി നിലത്തുവീണ നിലയിലാണ്.
റൈഡിന്റെ വയറുകളും ഇരുമ്പ് ദണ്ഡുകളും പൊട്ടിക്കിടക്കുന്ന ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. റൈഡുകളിൽ ഒരേസമയം നിരവധി പേർ കയറാറുള്ളതിനാൽ വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
വർഷങ്ങളായി വെമ്പായത്ത് പ്രവർത്തിക്കുന്ന പാർക്കാണിത്. അപകട വിവരമറിഞ്ഞ് വെഞ്ഞാറമ്മൂട് പൊലീസും ഫയർഫോഴ്‌സും ആംബുലൻസ് സംഘവും അടിയന്തരമായി സ്ഥലത്തെത്തി. കൃത്യമായ ഇടവേളകളിൽ റൈഡുകളുടെ ഫിറ്റ്‌നസ് പരിശോധനയും സുരക്ഷാ ഓഡിറ്റിങും നടത്താറുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർക്ക് അധികൃതരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ വീഴ്ചയോ അനാസ്ഥയോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.