സംസ്ഥാനത്ത് തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും പരക്കെ ശക്തമായ മഴ തുടരുന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 7 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചു. എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ രാവിലെ മുതൽ കനത്ത മഴയിലാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നി ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.  ഇന്ന് രാത്രി 11:30 മുതൽ കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും 'കള്ളക്കടൽ' (Swell Surge) പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം.

അടിയന്തര അറ്റകുറ്റപ്പണികൾക്കും ജലനിരപ്പ് ക്രമീകരിക്കുന്നതിനുമായി ഇടുക്കി ജില്ലയിലെ മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചു. ഡാമിന്റെ 3 ഷട്ടറുകൾ ഘട്ടങ്ങളായി പരമാവധി 200 സെന്റീമീറ്റർ (2 മീറ്റർ) വരെ ഉയർത്തിയായിരിക്കും ജലം പുറത്തേക്ക് ഒഴുക്കുക. ഷട്ടറുകൾ ഉയർത്തുന്നതോടെ പുഴകളിൽ ഒഴുക്ക് വർദ്ധിക്കാനും ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്.

തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരത്തുള്ളവരും ജലാശയങ്ങളിൽ ഇറങ്ങുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. യാതൊരു കാരണവശാലും ഈ നദികളിൽ ഇറങ്ങാനോ മീൻപിടുത്തം നടത്താനോ പാടുള്ളതല്ല.

ENGLISH SUMMARY:

Kerala is experiencing heavy rain in southern and central districts, prompting yellow alerts in seven districts. The National Centre for Ocean Information Services has also warned of high waves and swell surges along the coast tonight.