മലയാള മനോരമയാണ് മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട വന്‍ അഴിമതിയുടെ വാര്‍ത്ത പുറത്തുകൊണ്ടു വന്നത്. പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടിയായി 1.72 കോടി രൂപ ലഭിച്ചു എന്നായിരുന്നു വാര്‍ത്ത. ആദായനികുതി ഇന്‍ററിം സെറ്റിൽമെന്റ് ബോർഡിന്‍റെ രേഖകള്‍ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത.
2023 ഓഗസ്റ്റ് 9 നാണ് മലയാള മനോരമ ദിനപ്പത്രം കേരളത്തെ ഞെട്ടിച്ച ആ വാര്‍ത്ത പുറത്തുവിട്ടത്. തൊട്ടുപിന്നാലെ മനോരമ ന്യൂസും രേഖകള്‍ സഹിതം മുന്‍ മുഖ്യമന്ത്രിയുടെ മകളുടെ ദുരൂഹ ഇടപാടുകളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിണറായി വിജയന്‍റെ മകള്‍ വീണ ടിയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപയെന്ന് തെളിയിക്കുന്ന രേഖകള്‍ മനോരമ പ്രസിദ്ധീകരിച്ചു. വീണയ്ക്ക് പ്രതിമാസം 5 ലക്ഷം രൂപയും അവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് പ്രതിമാസം 3 ലക്ഷവും നല്‍കി വന്നു.
ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി, സോഫ്റ്റ്‌വെയർ േസവനങ്ങൾ എന്നിവ നൽകാമെന്ന്എക്സാലോജിക്കുമായി കരാര്‍ ഉണ്ടായിരുന്നെങ്കിലും അവരില്‍ നിന്ന് സേവനമൊന്നും കിട്ടിയില്ലന്ന് സിഎംആര്‍എല്‍ എം.ഡി എസ്.എന്‍ ശശിധരന്‍ കര്‍ത്തയും ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്. സുരേഷ്കുമാറും ചീഫ് ജനറൽ മാനേജർ പി. സുരേഷ്കുമാറും ആദായനികുതി ഇന്‍ററിംസെറ്റില്‍മെന്‍റ് ബോര്‍ഡിന് മൊഴി നല്‍കിയിരുന്നു. പിന്നീട് ഈ മൊഴി പിന്‍വലിക്കാനുള്ള ശ്രമം നടന്നെങ്കിലും ആദായനികുതി വകുപ്പ് അംഗീകരിച്ചില്ല.
വീണയ്ക്കും കമ്പനിക്കും നൽകിയ പണം നിയമവിരുദ്ധ ഇടപാടിന്റെ ഗണത്തിൽപെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം ഇന്ററിം സെറ്റിൽമെന്റ് ബോർഡ് അംഗീകരിച്ചു. ആദായനികുതി റെയ്ഡിനെ തുടര്‍ന്ന് സിഎംആർഎലും ശശിധരൻ കർത്തായും 2020 നവംബറിൽ നൽകിയ സെറ്റിൽമെന്റ് അപേക്ഷയിലെ ഉത്തരവിലാണ് ഇടപാടുകളുടെ വിവരങ്ങള്‍ ഉള്‍പ്പെട്ടത്. CMRL ചില പ്രമുഖ രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കൾക്കും പൊലീസിനും ഉദ്യോഗസ്ഥർക്കും മാധ്യമസ്ഥാപനങ്ങൾക്കും നിയമവിരുദ്ധമായി കോടിക്കണക്കിനു രൂപ നൽകിയതിന്റെ തെളിവുകൾ ആദായനികുതിവകുപ്പിന് ലഭിച്ചിരുന്നു.