തന്‍റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത് രാഹുല്‍ ഗാന്ധിക്ക് വലിയ മനഃസംതൃപ്തി നല്‍കിയിരിക്കാമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. എന്തുകൊണ്ട് പിണറായി വിജയന്‍റെ വീട് റെയ്ഡ് ചെയ്യുന്നില്ല, എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നായിരുന്നു രാഹുല്‍ ഗാന്ധി ചോദിച്ചുകൊണ്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ബിജെപി സര്‍ക്കാര്‍ എക്കാലവും കരുതിക്കൂട്ടിയുള്ള ആക്രമമാണ് നടത്തുന്നത്. പക്ഷേ തങ്ങളുടെ പാര്‍ട്ടിക്കാരല്ലാത്തവര്‍ക്കുനേരെ ഇഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നും പിണറായി കുറ്റപ്പെടുത്തി.
ഇഡി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അതിരുകവിഞ്ഞ ഇടപെടലൊന്നും ഉണ്ടായില്ലെന്ന് പിണറായി വ്യക്തമാക്കി. ‘മണിക്കൂറുകളോളം അവര്‍ ഈ വീടിനകത്ത് ഉണ്ടായിരുന്നു. അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാനുണ്ടായിരുന്നു എന്നാണ് തോന്നുന്നത്. എന്താണ് അവര്‍ക്ക് കിട്ടിയത്, കിട്ടാത്തത് എന്നൊക്കെ അവരാണ് വ്യക്തമാക്കേണ്ടത്. ഇതൊന്നും പെട്ടെന്നുണ്ടായതല്ല. ഇങ്ങനെ വീട്ടില്‍ക്കയറി പരിശോധന നടത്താന്‍ ഇഡി വളരെക്കാലമായി ആഗ്രഹിക്കുന്നതാണ്.’ – പ്രതിപക്ഷനേതാവ് പറഞ്ഞു.
Also Read: തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട; ഒന്നും അവസാനിക്കാന്‍ പോകുന്നില്ല: പിണറായി
‘ഇഡി പരിശോധന കൊണ്ടൊന്നും ഞങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ലെന്ന് പിണറായി പറഞ്ഞു. ഇത് ഒരു തുടക്കം മാത്രമായേ ഞങ്ങള്‍ കാണുന്നുള്ളു. ഇത്തരം നടപടികള്‍ കൊണ്ട് ഞങ്ങളെ തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ട.’ – പിണറായി പറഞ്ഞു. ഇഡി പരിശോധനയ്ക്കെതിരെ തെരുവിലിറങ്ങിയ സിപിഎം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അദ്ദേഹം നന്ദിപറഞ്ഞു. പാര്‍ട്ടി ശത്രുക്കള്‍ കൊത്തിവലിക്കാനൊരുങ്ങിയ എല്ലാ ഘട്ടത്തിലും പാര്‍ട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. ആ പിന്തുണയ്ക്ക് ഒരു കുറവും ചാഞ്ചല്യവും ഇല്ല എന്നാണ് സഖാക്കള്‍ വീണ്ടും വ്യക്തമാക്കിയത്. നാടിന്‍റെ പിന്തുണയും സഖാക്കളുടെ വികാരവുമാണ് ഇവിടെ പ്രകടമായതെന്നും അദ്ദേഹം പറഞ്ഞു.
ആറുമണിക്കൂറിലധികമാണ് ഇഡി ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് പിണറായി വിജയന്‍ താമസിക്കുന്ന വീട്ടിലും കണ്ണൂരിലും കൊച്ചിയിലുമെല്ലാം പരിശോധന നടത്തിയത്. തിരുവനന്തപുരത്തെ പരിശോധന കഴിഞ്ഞിറങ്ങി ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ അടിച്ചും കല്ലെറിഞ്ഞും തകര്‍ത്തു. മറ്റ് വാഹനങ്ങള്‍ക്കും അക്രമത്തില്‍ കേടുപറ്റി. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രവര്‍ത്തകരെ നിയന്ത്രിച്ച് ഇഡി ഉദ്യോഗസ്ഥരുടെ വാഹനം കടത്തിവിട്ടത്.