pinarayi-vijayan-ed-raid-vs-sunilkumar

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇഡി നടത്തുന്ന റെയ്ഡിൽ യുഡിഎഫ് സർക്കാരിന്റെ ഇടപെടലും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍ കുമാര്‍. കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ആസൂത്രിത ആക്രമണമാണിത്. ഇത്തരം നടപടികളിലൂടെ പിണറായി വിജയനെയോ ഇടതുപക്ഷത്തെയോ ഭയപ്പെടുത്താം എന്ന് കരുതേണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

 

ആര്‍എസ്എസ് നേതൃത്വം നൽകുന്ന മോഡി സർക്കാരിൻ്റെ വർഗ്ഗീയ ഫാസിസ്റ്റ് അജണ്ടകളെ തുറന്നെതിർക്കുന്ന ഇടതുപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര സർക്കാരിൻ്റെ അന്വേഷണ ഏജൻസികളെ ആയുധമാക്കുന്ന നടപടി ഇന്ത്യയുടെ ജനാധിപത്യത്തിനും ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. – വിഎസ് സുനില്‍ കുമാര്‍ വ്യക്തമാക്കി. 

 

അതേസമയം, പിണറായി വിജയന്റെ വീടുകളില്‍ റെയ്ഡ് നടത്തിയ ശേഷം ഇ.ഡി ഉദ്യോഗസ്ഥര്‍ തിരികെ പോകുന്നതിനിടെ, അവര്‍ വന്ന 3 വാഹനങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഉദ്യോഗസ്ഥര്‍ വാഹനത്തിലിരിക്കവേയാണ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. 

ഇഷ്ടികയും വടികളും ഉപയോഗിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ വാഹനത്തിന് നേരെ ആക്രമണം നടത്തിയത്. കാറിന്‍റെ ചില്ലുകള്‍ മുഴുവനായും ഇടിച്ചു പൊട്ടിച്ച നിലയിലാണ്. അതേസമയം, പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ രാഷ്ട്രീയ വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഇനിയുമുണ്ടാകുമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. 

 

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ്‌ പിണറായി വിജയന്റെ വീട്ടിലെ റെയ്‌ഡെന്ന് സിപിഎം ആരോപിക്കുന്നു. ഈ നടപടികളിലൂടെ പിണറായി വിജയനെയോ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയോ ഇടതുപക്ഷത്തെയോ തകര്‍ക്കാമെന്ന വ്യാമോഹം ബി.ജെ.പിക്ക്‌ വേണ്ട. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്‌മ ചെയ്യാന്‍ കേന്ദ്ര ഏജന്‍സികളെ ആയുധവത്‌കരിക്കുക എന്നതാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നയസമീപനം. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരിക തന്നെ ചെയ്യുമെന്നും പ്രസ്താവനയിലൂടെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ വ്യക്തമാക്കി. 

 

തന്‍റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത് രാഹുല്‍ ഗാന്ധിക്ക് വലിയ മനഃസംതൃപ്തി നല്‍കിയിരിക്കാമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ പറഞ്ഞു. എന്തുകൊണ്ട് പിണറായി വിജയന്‍റെ വീട് റെയ്ഡ് ചെയ്യുന്നില്ല, എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നായിരുന്നു രാഹുല്‍ ഗാന്ധി ചോദിച്ചുകൊണ്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ബിജെപി സര്‍ക്കാര്‍ എക്കാലവും കരുതിക്കൂട്ടിയുള്ള ആക്രമമാണ് നടത്തുന്നത്. പക്ഷേ തങ്ങളുടെ പാര്‍ട്ടിക്കാരല്ലാത്തവര്‍ക്കുനേരെ ഇഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നും പിണറായി കുറ്റപ്പെടുത്തി.

ENGLISH SUMMARY:

Pinarayi Vijayan ED raid is a planned attack by the BJP government against the opposition leader in Kerala, according to CPI leader VS Sunil Kumar. CPM has stated that strong protests will continue against the Enforcement Directorate's actions, which they allege are part of political revenge.