കുന്നത്തുനാട് പാരിയത്തുകാവ് കോളനിയിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ സർക്കാർ അടിയന്തിര ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി അറിയിച്ചു. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കോളനി പ്രദേശം സന്ദർശിച്ച്, അവിടുത്തെ കുടുംബാംഗങ്ങളുമായി വിശദമായി ചർച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം കോളനി നിവാസികളുടെ പ്രതിനിധികൾ സെക്രട്ടേറിയറ്റിലെത്തി മന്ത്രിയെ നേരിൽ കണ്ട് വിഷയം ധരിപ്പിച്ചിരുന്നു.
കോളനിയിലെ ഭൂമി കൃത്യമായി അളന്നു തിട്ടപ്പെടുത്തണമെന്ന പ്രദേശവാസികളുടെ ആവശ്യം റവന്യൂ വകുപ്പുമായി ആലോചിച്ച് പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ തുടർനടപടികൾ സ്വീകരിക്കും.
കഴിഞ്ഞ 10 വർഷം ഭരിച്ച ഇടതുമുന്നണി സർക്കാർ ആദ്യഘട്ടത്തിൽത്തന്നെ ഈ വിഷയത്തിൽ കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ പ്രശ്നം ഇത്രത്തോളം സങ്കീർണ്ണമാകില്ലായിരുന്നുവെന്നും മന്ത്രി കൂട്ടിചേർത്തു. മന്ത്രിയുടെ സന്ദർശന വേളയിൽ എം.എൽ.എമാരായ മുഹമ്മദ് ഷിയാസ്, വി. പി. സജീന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.